“പ്രൗഡ് ടു ബി ആൻ ഇന്ത്യൻ” ക്വിസ് മത്സരത്തിൽ മോഡേൻ സ്കൂൾ ചാമ്പ്യന്മാർ

അഫ്ഷിൻ

റിയാദ്: ഏഷ്യാനെറ്റ് ന്യൂസ് ദുബായില്‍ സംഘടിപ്പിച്ച എട്ടാമത് ”പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍” ക്വിസ് മത്സരത്തില്‍ റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള 500 ടീമുകളെ പ്രതിനിധീകരിച്ച് 1000 കുട്ടികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തിലാണ് മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജാസിം കെ ജലീല്‍, മുഹമ്മദ് അക്മല്‍ ആരിഫ് എന്നിവരടങ്ങുന്ന ടീം ചാമ്പ്യന്മാരായതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യമായാണ് സൗദി അറേബ്യയില്‍ നിന്നുള്ള ഒരു സ്‌കൂള്‍ ഈ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതും ചാമ്പ്യന്മാരാവുന്നതും. ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 18 ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ അവസാന റൗണ്ട് മത്സരങ്ങളില്‍ ഇരു വിദ്യാര്‍ത്ഥികളും സമര്‍ത്ഥമായി നേരിടുകയൂം ഇരു റൗണ്ടുകളിലും പുലര്‍ത്തിയ മികവുറ്റ പ്രകടനം വിലയിരുത്തി ഒന്നാം സ്ഥാനത്തെത്തുകയുമായിരുന്നു. ഇവരടക്കം ആദ്യ പത്ത് സ്ഥാനക്കാര്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാനായി ഡെല്‍ഹിയിലേക്ക് പോകുന്നുണ്ട്.

കഠിനാധ്വാനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായാണ് ജാസിമിന്റെയും അക്മലിന്റെയും സ്വപ്ന തുല്യമായ വിജയമെന്ന് ഹെഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ റഷീദ് ഭീമനാട് പറഞ്ഞു. അധ്യാപകരായ ജാബിര്‍, ജംഷീര്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിനെ പ്രതിനിധീകരിച്ച് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത ഇരു വിദ്യാര്‍ത്ഥികളും ഒട്ടേറെ മത്സരങ്ങളില്‍ വിജയകിരീടം നേടിയിട്ടുണ്ട്. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷക്കായി തയ്യാറെടുക്കുന്ന ജാസിമിന് ലക്ഷ്യം ഐ.എ.എസാണെങ്കില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അക്മലിന് ബിസിനസുകാരനാവാനാണ് താല്പര്യമെന്ന് ചോദ്യത്തിനുത്തരമായി ഇരുവരും പറഞ്ഞു. ജാസിം, അക്മല്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഷാഫി മോന്‍, അസീസ് പാലൂര്‍,  ജാബിര്‍ തയ്യില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.