സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്നത് പതിവാക്കിയ സംഘത്തെ റിയാദില്‍ പിടികൂടി

റിയാദ്: വഴികളിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ബാഗ് തട്ടിപ്പറിച്ച് കൊള്ള നടത്തുന്ന എട്ടംഗ സംഘത്തെ റിയാദില്‍ പോലീസ് പിടികൂടി. പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. നിരവധി മോഷണം നടത്തിയവരാണ് പ്രതികളെന്നും സുരക്ഷാ വിഭാഗം നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് ഇവര്‍ വലയിലായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികളില്‍ നാലുപേര്‍ യമന്‍ സ്വദേശികളും മൂന്നുപേര്‍ സൗദികളും ഒരാള്‍ ബംഗ്‌ളാദേശ് സ്വദേശിയുമാണ്. സ്ത്രീകളുടെ ബാഗുകള്‍ അടക്കം വഴിയിലൂടെ നടന്നു പോകുന്നവരുടെ സാധനങ്ങള്‍ തട്ടിയെടുക്കുക, ഷോപ്പിംഗ് മാളുകളില്‍ നിന്നും വരുന്നവരെ നിരീക്ഷിച്ചു അവരെ കൊള്ളയടിക്കുക തുടങ്ങി നിരവധി മോഷണങ്ങള്‍ പ്രതികള്‍ നടത്തിയതായും റിയാദ് പോലീസ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.






