സൈക്കോതെറാപ്പിയില്‍ മന്ത്ര ചികിത്സ (റുഖിയ)ക്ക് അംഗീകാരം

റിയാദ്: മാനസിക പ്രതിസന്ധി നേരിടുന്ന രോഗിയോ രോഗിയുടെ പ്രതിനിധിയോ നിയമപരമായ മന്ത്രം (റുഖിയ ശറഇയ്യ) നടത്തുന്നവരുടെ സഹായം ആവശ്യപ്പെട്ടാല്‍ മാനസിക ആരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ അതിന് സൗകര്യം ചെയ്തുകൊടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅ അംഗീകരിച്ച മാനസികാരോഗ്യ പരിചരണ നിയമാവലിയില്‍ വ്യക്തമാക്കുന്നു.

നിലവില്‍ രോഗിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മരുന്നുകളുടെയും ചികിത്സാകളുടെയും വിഷയത്തില്‍ ഇടപെടാനോ, രോഗിയുടെ രോഗവിവരം ബന്ധുക്കളെ അറിയിക്കുവാനോ മന്ത്ര ചികിത്സ നടത്തുന്ന വ്യക്തിക്ക് അധികാരമുണ്ടായിരിക്കുകയില്ല.

ശറഇയ്യായ രീതിയില്‍ മന്ത്രചികിത്സ നടത്തുന്ന വ്യക്തി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും മന്ത്രങ്ങള്‍ (റുഖിയ) നടത്തുന്നതിന് അംഗീകാരം ലഭിച്ച വ്യക്തിയായിരിക്കണം. മന്ത്രം നടത്തുന്ന വ്യക്തിയുടെയും രോഗിയുടെയും വിവരങ്ങള്‍ മുന്‍കൂട്ടി രോഗിയെ ചികിത്സിക്കുന്ന മെഡിക്കല്‍ വിഭാഗത്തെ അറിയിക്കണമെന്നും നിബന്ധനയുണ്ട്. ഇങ്ങനെ അറിയിക്കപ്പെട്ടാല്‍ അതിന് അംഗീകാരം നല്‍കുന്നതിനും നിരസിക്കുന്നതിലും നീട്ടിവെക്കുന്നതിനും മെഡിക്കല്‍ വിംഗിന് അധികാരമുണ്ടായിരിക്കുന്നതാണ്. പക്ഷെ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് മാത്രം.

മന്ത്ര ചികിത്സാ (റുഖിയ) നടത്തുന്ന കേന്ദ്രത്തിന് മതപരമായ ഗൈഡന്‍സ് നടത്തുന്ന ഒരംഗത്തിന്റെ അംഗീകാരം ഉണ്ടായിരിക്കണം. മന്ത്രങ്ങള്‍ തീര്‍ത്തും ഖുര്‍ആനിനും സുന്നത്തിനും അനുസൃതമായി മാത്രമായിരിക്കണം. അതിനപ്പുറത്തേക്ക് കടക്കുവാന്‍ അനുവാദമില്ല. രോഗിയുടെ സ്വകാര്യത ഉറപ്പുനല്‍കുന്ന പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. ഇത്തരം നിബന്ധനകളോട് കൂടി മാനസിക ആരോഗ്യ പ്രതിസന്ധി നേരിടുന്ന രോഗിക്ക് മന്ത്ര ചികിത്സ (റുഖിയ) നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅ വ്യക്തമാക്കി.