മഹാത്മാഗാന്ധി തലശ്ശേരിയില്‍ എത്തിയതിന്റെ സ്മരണ പുതുക്കുന്നൂ

തലശ്ശേരി: അയിത്തോച്ചാടനത്തിനെതിരായ പ്രചരണത്തില്‍ പങ്കെടുക്കുവാന്‍ മഹാത്മാഗാന്ധി തലശ്ശേരിയില്‍ എത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി അതിന്റെ എണ്‍പത്തിഞ്ചാം വാര്‍ഷികം ആഘോഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി, കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷം പരിപാടികള്‍. പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും.

13ന് കാലത്ത് 10 മണിക്ക് കെ. മുരളീധരന്‍ എം.പിയുടെ നേതൃത്വത്തില്‍ തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഗാന്തിജിയുടെ ഛായാ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടക്കും. 12.30 ന് കുയ്യാലി കോമത്ത് പാറയിലെ എസ്.സി കോളനിയിലെ താമസക്കാരുമായി എം. പി കൂടിക്കാഴ്ചനടത്തുകയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കുകയും ചെയ്യും. തുടര്‍ന്ന് സമൂഹ സദ്യയും ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 1.30ന് ഗാന്ധിജി തലശ്ശേരി സന്ദര്‍ശനത്തില്‍ അന്ന് താമസിച്ചിരുന്ന തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തിനുസമീപത്തെ ഇടവലത്ത് വീട്ടില്‍ ഓര്‍മ്മ പുതുക്കല്‍ചടങ്ങും നടക്കും. അന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ കോപ്പി കെ. മുരളീധരന്‍ എം. പി ഡോ. ബാബു രവീന്ദ്രന് കൈമാറും. എം.പിക്കു പുറമെ എം. എല്‍. എ മാരായ കെ. സി ജോസഫ്, അഡ്വ.സണ്ണിജോസഫ്, സതീശന്‍ പാച്ചേനി, വി.എ നാരായണന്‍, സുമ ബാകൃഷ്ണന്‍, അഡ്വ. സഞ്ചീവ് ജോസഫ്, കെ. സുരേന്ദ്രന്‍, കെ. പി. സി. സി നിര്‍വ്വാഹകസമിതി അംഗങ്ങള്‍, ഡി. സി. സി ഭാരവാഹികള്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സ്വാതന്ത്രസമര കാലഘട്ടത്തില്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന പര്യടനത്തിന്റെ ഭാഗമാണ് 1934 ജനുവരി 13 ന് ഗാന്ധിജി തലശ്ശേരിയിലെത്തിയത്.
പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ എം. പി അരവിന്ദാക്ഷന്‍, വി. രാധാകൃഷ്ണന്‍ മാശ്റ്റര്‍, മണ്ണയാട് ബാലകൃഷ്ണന്‍, അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ് പങ്കെടുത്തു.