ജിദ്ദയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

ജിദ്ദ: രാജ്യത്തെത്തന്നെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നായ ജിദ്ദയിലെ ഹറമൈന്‍ എക്‌സ്പ്രസ് ഹൈവേയില്‍ സ്ഥാപിച്ച സ്ഥല സൂചിക ബോര്‍ഡില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ സൗദി സിവില്‍ ഡിഫെന്‍സ് വിഭാഗം അനുനയിപ്പിച്ചു താഴെയിറക്കി.

യുവാവിന്റെ വ്യക്തിഗത വിവരങ്ങളോ, ആത്മഹത്യാ ശ്രമത്തിന്റെ കാരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുവാവ് ബോര്‍ഡിന്റെ മുകളില്‍ കയറി താഴോട്ട് എടുത്തുചാടുവാനുള്ള ശ്രമത്തിലായിരുന്നു. ഏതുസമയവും ഹറമൈന്‍ റോഡ് വാഹനങ്ങള്‍ നിറഞ്ഞു ഒഴുകുന്ന രീതിയിലാണ് കാണപ്പെടാറുള്ളത്.

സിവില്‍ ഡിഫെന്‍സ് വിഭാഗവും റെഡ് ക്രസെന്റ് ടീം എന്നിവരെത്തി റോഡുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തു റോഡില്‍ വലിയ എയര്‍ ബെഡ് വിരിക്കുകയും ദുര്‍ഘട സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പരിശീലനം ലഭിച്ച വിഭാഗത്തിന്റെ സഹായം തേടുകയും ചെയ്തു. ശേഷം സിവില്‍ ഡിഫന്‍സ് വിഭാഗം യുവാവിനോട് സംസാരിക്കുകയും യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്തു. ബോര്‍ഡിന് മുകളിലേക്കുള്ള കോണിയിലൂടെയാണ് യുവാവ് ഇറങ്ങിവന്നത്.