2020ല്‍ ലോകം ശ്രദ്ധിക്കുക ഇന്ത്യക്കാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്

2020ല്‍ ലോകം ശ്രദ്ധിക്കാന്‍ സാധ്യതയുള്ള 20 ശക്തരായ നേതാക്കളുടെ പട്ടിക ഫോബ്‌സ് പുറത്ത് വിട്ടു. അടുത്ത ദശാബ്ദത്തില്‍ ഇവരായിരിക്കും ശ്രദ്ധിക്കപ്പെടുക എന്നാണ് ഫോബ്‌സ് അവകാശപ്പെടുന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, പ്രശാന്ത് കിഷോര്‍, മഹുവ മോയിത്ര, ദുഷ്യന്ത് ചൗട്ടാല എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2018 ലെ ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത് എത്തിയിരുന്നു.
കനയ്യ കുമാര്‍:
2016ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റില്‍. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ മുന്‍ നേതാവ്. സിപിഐ നേതാവ്. ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും ശക്തമായ പോരാട്ടം കാഴ്ച വെച്ചു. ഇന്ത്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ഫോബ്‌സ് വ്യക്തമാക്കുന്നു. മികച്ച പ്രാസംഗികന്‍ കൂടിയായ കനയ്യ ഭാവിയില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറുമെന്നും ഫോബ്‌സ് രേഖപ്പെടുത്തുന്നു.
ഹസന്‍ മിന്‍ഹാജ്:
ഇന്ത്യന്‍ വംശജനായ ഹസന്‍ മിന്‍ഹാജ് എന്ന വിമര്‍ശകന്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന ”ദി പേട്രിയോട്ട് ആക്ട്” എന്ന പരിപാടിയുടെ അവതരണത്തിലൂടെയാണ് ശ്രദ്ധേയനായത്. 2019ല്‍ ഹൂശ്ശണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ മിന്‍ഹാജിന് പ്രവേശനം നിഷേധിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നാണ് മിന്‍ഹാജിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പ, കുടിയേറ്റം, സെന്‍സര്‍ഷിപ്പ് എന്നിവക്കെതിരെ ഹസന്‍ മിന്‍ഹാജ് പരിപാടിയില്‍ സംസാരിച്ചിരുന്നു.
മഹുവ മോയിത്ര
മുന്‍ ജെപി മോര്‍ഗന്‍ ഉദ്യോഗസ്ഥന്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി. 2009ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു. ഫാസിസത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് തുറന്നടിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രശാന്ത് കിഷോര്‍
ബിഹാര്‍ സ്വദേശി. രാഷ്ട്രീയ തന്ത്രജ്ഞന്‍. 42 കാരനായ പ്രശാന്ത് കിഷോര്‍ 2011ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ബിജെപിക്ക് വേണ്ടി. പിന്നീട് തെലങ്കാന പിടിക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെയും മഹാരാഷ്ട്ര പിടിക്കാന്‍ ശിവസേനയെയും സഹായിച്ചതു. 2018ല്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നു. ഇത് വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് വരും വര്‍ഷങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരിക്കു എന്നാണ് ഫോബ്‌സ് വിലയിരുത്തല്‍.
ഗരിമ അറോറ
2019ലെ ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ഷെഫായി തെരഞ്ഞെടുക്കപ്പെട്ടു. ബാങ്കോക്കിലെ ഗരിമയുടെ ഗാ റെസ്‌റ്റോറന്റിന് പ്രശസ്തമായ മിഷേല്‍ ഗൈഡ് ഫോര്‍ തായ്‌ലന്‍ഡ് അവാര്‍ഡ് കിട്ടിയതോടെയാണ് ലോകശ്രദ്ധ നേടിയത്. മിഷേലിന്‍ പുരസ്‌കാരം നേടുന്ന ആയ ഇന്ത്യന്‍ വനിത. ഇന്ത്യന്‍ വിഭവങ്ങളെ പുതുമയാര്‍ന്ന രീതിയില്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാനുള്ള ഫുഡ് ഫോര്‍വെര്‍ഡ് ഇന്ത്യ പദ്ധതിയുടെ പിന്നിലും ഗരിമ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ദുഷ്യന്ത് ചൗട്ടാല
ഹരിയാന ഉപമുഖ്യമന്ത്രിയാണ് 31 കാരനായ ദുഷ്യന്ത് ചൗട്ടാല. ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം. ജാട്ട് വോട്ട് ബാങ്കില്‍ അധിപത്യമുറപ്പിച്ച് ഹരിയാനയില്‍ ഭരണമുറപ്പിച്ച ജനനായക് ജനത പാര്‍ട്ടി നേതാവ്. ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ വരും വര്‍ഷങ്ങളില്‍ ശക്തനായ നേതാവായിരിക്കും ദുഷ്യന്ത് എന്നാണ് ഫോബ്‌സ് വ്യക്തമാക്കുന്നത്.
ഗോദ്‌റെജ്
12 ബില്യണ്‍ മൂല്യമുള്ള വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഗോദ്‌റെജ് കുടുംബം ഈ ദശാബ്ധത്തില്‍ വലിയ സ്വാധീന ശക്തിയായി മാറും. 2019ല്‍ ഗോദ്‌റെജ് കുടുംബത്തിനുള്ളിലെ തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ആദി ഗോദ്‌റെജ് അവ തള്ളി രംഗത്ത് വന്നര, വളര്‍ന്നു വരുന്ന വ്യവസായ വാണിജ്യ മേഖലയില്‍ ഗോദ്‌റെജ് വലിയ ശക്തിയായി മാറുക തന്നെ ചെയ്യുമെന്നാണ് ഫോബ്‌സ് വിലയിരുത്തല്‍.






