ഇറാഖിലെ അമേരിക്കന്‍ സൈനിക താളവത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; 80 സൈനികര്‍ മരിച്ചെന്ന് ഇറാന്‍

ഇന്ത്യന്‍ പൗരന്മാര്‍ക്ക് പശ്ചിമേഷ്യയിലേക്ക് യാത്രാവിലക്ക്

ടെഹ്‌റാന്‍: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 80 മരണമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഇറാഖിലെ ഐന്‍ അല്‍ അസദിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിലും സഖ്യകക്ഷികളുടെ ഇര്‍ബിലിലെ സൈനീക കേന്ദ്രത്തിലും ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. 80 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്.

മേഖലയിലെ സ്ഥിതിഗതികള്‍ വഷളായതോടെ ഇന്ത്യ സ്വന്തം പൗരന്മാര്‍ക്ക് ഇറാഖിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശമന്ത്രാലയം ഇറാഖിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.