ജഡ്ജിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ ഭീകരവാദി പിടിയില്‍

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ സുരക്ഷാ വിഭാഗം ഇന്ന് രാവിലെ നടത്തിയ സൈനിക ഓപ്പറേഷനില്‍ ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, നിരവധി കൊടും ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഭീകരവാദിയെ പിടികൂടിയതായി ഔദ്യോഗീക വൃത്തങ്ങള്‍ അറിയിച്ചു.

2016 ല്‍ ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു അന്വേഷണം നടത്തുന്ന ഭീകരവാദിയാണ് മുഹമ്മദ് ഹുസൈന്‍ ആല്‍ അമ്മാര്‍. മൂന്ന് വര്‍ഷം മുമ്പ് കിഴക്കന്‍ പ്രവിശ്യയിലെ എന്‍ഡോവ്‌മെന്റ്, ഇന്‍ഹെറിറ്റന്‍സ് (വഖഫ് ആന്റ് അനന്തരാവകാശ) ജഡ്ജിയായിരുന്ന ഷെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെ 2016 നവമ്പര്‍ 16 നു ഖതീഫിലുള്ള താറൂത്തിലെ സ്വന്തം വീടിനു മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയ വ്യക്തിയാണ് ആല്‍ അമ്മാര്‍.

ഇതുകൂടാതെ സുരക്ഷാ വിഭാഗത്തിന് നേരെ വെടിയുതിര്‍ക്കല്‍, ദമ്മാം സിറ്റിയിലെ ഖുദരിയ്യ ഏരിയയിലെ സുരക്ഷാ പോസ്റ്റ് തകര്‍ക്കല്‍, നിരവധി വാഹനങ്ങള്‍ കൊള്ളയടിച്ചു യാത്രക്കാരില്‍ നിന്നും പണം കവരല്‍, കിഴക്കന്‍ പ്രവിശ്യയിലെ മജീദിയ്യയില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്ന സുരക്ഷാ ഭടനെ കൊലപ്പെടുത്തിയത് തുടങ്ങിയ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് മുഹമ്മദ് ഹുസൈന്‍ ആല്‍ അമ്മാര്‍.

മാസങ്ങള്‍ക്ക് ശേഷം ജഡ്ജിയുടെ മൃതദേഹം അവാമിയിലെ ഒരു കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 2018 സെപ്തംബര്‍ മാസത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജഡ്ജിയായ ഷെയ്ഖ് ജീറാനിക്ക് മരണാനന്തര ബഹുമതി നല്‍കി ആദരിച്ചിരുന്നു.