നിര്‍ഭയ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് 7 മണിക്ക്

ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് രാവിലെ 7 മണിക്ക്. കേസിലെ നാല് പ്രതികള്‍ക്കും മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണവാറന്റ് പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.

നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് വിധി. വിധിയില്‍ നിര്‍ഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് ഇതെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി വന്നത്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാണ് കോടതിക്കുള്ളില്‍ ഉണ്ടായത്. വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതികള്‍ തങ്ങള്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളുടെ ആവശ്യം തള്ളി.