ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഗോഷ് അടക്കമുള്ള 20 പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികളെ അക്രമിച്ചതില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗുണ്ടകളുടെ ക്രൂരമ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഗോഷിനും മറ്റു 19 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂണിവേഴ്‌സിറ്റി സര്‍വര്‍ റൂം തല്ലിത്തകര്‍ത്തു എന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചതില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ഥി നേതാവിനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും സര്‍വര്‍ റൂം തല്ലിത്തകര്‍ക്കുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായി പോലീസ് പറയുന്നത്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ പരാതി ഉള്ളതായും പോലീസ് പറയുന്നുണ്ട്. ഞായറാഴ്ച രാത്രി 8:43 ആണ് കേസില്‍ ഐഷിഗോഷ് അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിച്ച കേസില്‍ ഡല്‍ഹി പോലീസ് ഒരു എഫ്‌ഐആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധ പരാതികളില്‍ ഇതുവരെയും ഒരു എഫ്‌ഐആര്‍ മാത്രമാണ് പോലീസ് എടുത്തത് എന്നും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥി സംഘടനകളും വിവിധ സര്‍വ്വകലാശാല വിദ്യാര്‍ഥികളും നടത്തുമ്പോഴും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

യൂണിവേഴ്‌സിറ്റി അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് മുഖംമറച്ച് സുരക്ഷാ ജീവനക്കാരാണ് സര്‍വര്‍ റൂം തല്ലിത്തകര്‍ത്തു എന്നും വിദ്യാര്‍ഥി സംഘടനയായ ജെ.എന്‍. എസ്.യു ആരോപിച്ചു.