സന്ദര്‍ശകര്‍ക്കായി അണിഞ്ഞൊരുങ്ങി ‘വിസിറ്റ് നേപ്പാള്‍ 2020’

♠ ഷക്കീബ് കൊളക്കാടന്‍

ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2 മില്യണ്‍ ടൂറിസ്റ്റുകളെയെങ്കിലും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി നേപ്പാള്‍ ടൂറിസം പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് വിസിറ്റ് നേപ്പാള്‍ 2020. സമീപകാലത്തായി അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഒന്നൊന്നായി നേപ്പാളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസം പദ്ധതികളെ പിടിച്ചുലക്കുകയുണ്ടായി. അതില്‍ നിന്നും കരകയറാനുള്ള നേപ്പാളിന്റെ പരിശ്രമങ്ങള്‍ കൂടിയാണ് ‘വിസിറ്റ് നേപ്പാള്‍ 2020’ എന്ന് വിലയിരുത്തപ്പെടുന്നു.
അനേകം പ്രകൃതി വിസ്മയങ്ങളുടെ സമ്മേളനമാണ് നേപ്പാള്‍. വടക്ക് ഭാഗം ചൈനയുടെ കീഴിലുള്ള ടിബറ്റും മറ്റു മൂന്ന് ദിക്കിലും ഇന്ത്യന്‍ അതിര്‍ത്തികളും പങ്കിടുന്ന കര മാത്രം അതിരുകളായുള്ള ഒരു ഹിമാലയന്‍ രാജ്യമാണ് നേപ്പാള്‍. ഇന്ത്യയില്‍നിന്നും സ്വതന്ത്രമായി യാത്ര ചെയ്യാവുന്ന ഒരു അയല്‍രാജ്യമായ നേപ്പാളിലേക്ക് എല്ലാ വര്‍ഷവും നിരവധി സഞ്ചാരികളാണ് എത്തുന്നത്. തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം.
ക്ഷേത്രങ്ങളുടെ നാടായാണ് നേപ്പാള്‍ അറിയപ്പെടുന്നത്. ബുദ്ധന്റെ ജന്മരാജ്യം കൂടിയായ നേപ്പാളില്‍ സുപ്രസിദ്ധമായ നിരവധി ബുദ്ധ, ഹിന്ദു മത ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. തീര്‍ത്ഥാടനത്തിനായും അനേകം പേര്‍ നേപ്പാളിലെത്തുന്നുണ്ട്.

ലോകത്തെ പത്ത് ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളില്‍ എട്ടെണ്ണവും നേപ്പാളിലാണ്. എവറസ്റ്റ് കൊടുമുടിയോടൊപ്പം പര്‍വ്വതാരോഹകരുടെ പറുദീസയായ കാഞ്ചന്‍ ജംഗ, അന്നപൂര്‍ണ്ണ തുടങ്ങിയ അനേകം കൊടുമുടികള്‍ നേപ്പാളിലുണ്ട്. 80 ശതമാനത്തിലധികം ഹിന്ദു മതവിശ്വാസികള്‍ ആണെങ്കിലും നേപ്പാള്‍ 2006 നു ശേഷം നേപ്പാള്‍ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആയാണ് അറിയപ്പെടുന്നത്.

നേപ്പാളില്‍ നിന്നുള്ള ചില ടൂറിസം കാഴ്ചകള്‍.

നേപ്പാളിലെ മറ്റൊരു പ്രധാന ടൂറിസം പ്രാധാന്യമുള്ള നഗരമാണ് പൊഖാറ. എട്ടു തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്തോ തിബത്ത് പാതയിലുള്ള പൊഖാറയില്‍ ഈ വര്‍ഷം നേപ്പാളിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും നല്ല വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് മാത്രം 5 ലക്ഷം ടൂറിസ്റ്റുകള്‍ ആണ് നേപ്പാള്‍ സന്ദര്‍ശിച്ചത്.
പ്രസിദ്ധമായ നിരവധി ചൂതാട്ട കേന്ദ്രങ്ങളും നേപ്പാളിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ മറ്റൊരു ആകര്‍ഷണമാണ്. ടൂറിസ്റ്റുകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ അനേകം അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലുകള്‍ നേപ്പാളിലെ എല്ലാ നഗരങ്ങളിലുമുണ്ട്.

ഫെബ്രുവരി 21 മുതല്‍ 23 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന നേപ്പാള്‍ ഇന്ത്യ ചൈന എക്‌സ്‌പോ( ) ഏറെ പ്രതീക്ഷയോടെയാണ് നേപ്പാള്‍ ടൂറിസം നോക്കിക്കാണുന്നത്.
2020 ജനുവരി ഒന്നാം തിയ്യതി നടന്ന വിസിറ്റ് നേപ്പാള്‍ 2020 ഔദ്യോഗീക ഉദ്ഘാടന ചടങ്ങില്‍ നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായി. നേപ്പാളിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നവരെന്നു കരുതപ്പെടുന്ന മഞ്ഞു മനുഷ്യരായ ”യതി” ആണ് വിസിറ്റ് നേപ്പാള്‍ 2020 യുടെ ഭാഗ്യചിഹ്‌നം. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലെ ശക്തമായ സാന്നിധ്യമായ നേപ്പാള്‍ പുതിയ ടൂറിസം പദ്ധതിയായ ‘വിസിറ്റ് നേപ്പാള്‍ 2020’യിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് ഈ മേഖലയില്‍ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.