ആക്രമത്തിൽ സുരക്ഷാ ജീവനക്കാർ കൂട്ടുനിന്നുവെന്ന് ഐഷി ഘോഷ്

വിദ്യാർഥികൾക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പുവടിക്കും ചർച്ചയിലൂടെയും സംവാദത്തിലൂടെ മറുപടി നൽകും

ഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ കഴിഞ്ഞദിവസം നടന്ന അക്രമണം ആസൂത്രിതമായി നടപ്പിലാക്കിയതാണ് എന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷ്. സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്തു. 30 പേര് ചേർന്ന് തന്നെ ഇരുമ്പു വടികൾ കൊണ്ട് അക്രമിക്കുമ്പോഴും വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തിയ ശേഷം ഹോസ്റ്റലിന്റെ പല ദിക്കുകളിൽ ആയി മർദ്ധിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടാനോ അക്രമികളെ തടയാനോ ശ്രമിച്ചിട്ടില്ല.

വിദ്യാർഥികൾക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പുവടിക്കും ചർച്ചയിലൂടെയും സംവാദത്തിലൂടെ മറുപടി നൽകുമെന്നും ഐഷി ഘോഷ് പറഞ്ഞു. ജെഎൻയുവിലെ സംസ്കാരം നഷ്ടപ്പെട്ടിട്ടില്ല. ജനാധിപത്യ സംസ്കാരം ജെഎൻയു ഉയർത്തിപ്പിടിക്കുമെന്നും ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും സന്ദർശിക്കാൻ പോലും തയ്യാറാകാത്ത വൈസ് ചാൻസലർ ജഗദീഷ് കുമാർ രാജിവെക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു. ആർഎസ്എസ് അനുഭാവികളായ ചില അധ്യാപകർ ഏതാനും ദിവസങ്ങളായി ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ നടത്തുന്ന സമരം പൊളിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നതായും ഐഷി ഗോഷ് ആരോപിച്ചു