കലാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി

ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് നടപടികള്‍ പുരോഗമിക്കുന്നു.

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍-കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ സംരക്ഷണവും ഇപ്പോള്‍ അത്യാവശ്യമാണ്. ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയിലെ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തും. സംസ്ഥാനത്തിന് ഭാവി വികസനത്തെ കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാനും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളേജില്‍ ചീഫ് മിനിസ്റ്റര്‍ സ്റ്റുഡന്‍സ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കോളേജ് വിദ്യാര്‍ത്ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം എന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രസക്തിയുണ്ട്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങളില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്‍ന്‍േറണല്‍ മാര്‍ക്ക് തന്നെ ഒഴിവാക്കാനുള്ള ഉദ്ദേശമുണ്ട് എന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ നിയന്ത്രണമില്ലാത്ത വിധം യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നടപടികള്‍ സ്വീകരിക്കാമെന്നും വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കലാലയങ്ങള്‍ ലഹരി വിമുക്തം ആക്കുന്നതിന് വിദ്യാര്‍ത്ഥി യൂണിയനുകളുടെയും പിടിഎയും ശക്തമായ പിന്തുണ ആവശ്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.