പ്രതിഷേധത്തില്‍ ആക്രമണം നടക്കാന്‍ സാധ്യത; യൂത്ത്‌ലീഗ് കറുത്തമതില്‍ പ്രതിഷേധം മറ്റൊരുദിവസത്തേക്ക് മാറ്റി

ആക്രമണം നടത്തി മുസ്‌ലിംങ്ങളെ അക്രമകാരികളാക്കി ചിത്രീകരിക്കാനാണ് ബിജെപിയുടെ നീക്കം

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന പ്രതിഷേധത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കറുത്തമതില്‍ പ്രതിഷേധം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പൗരത്വ ഭേദഗതി നിയമം വിശദീകരണ യോഗത്തിന് കേരളത്തില്‍ അമിത്ഷാ പങ്കെടുക്കാനെത്തുന്ന ദിവസം കറുത്തമതില്‍ എന്ന പ്രതിഷേധ മതിലിന് നേരെ ആക്രമണം നടത്തി മുസ്‌ലിംങ്ങളെ അക്രമകാരികളാക്കി ചിത്രീകരിക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടെന്ന മുസ്‌ലിം ലീഗിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കറുത്തമതില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുള്ളത്.

എന്നാല്‍ മലപ്പുറത്ത് ചേര്‍ന്ന ലീഗ് പാര്‍ലമെന്റെി പാര്‍ട്ടി യോഗത്തിനുശേഷം ബിജെപിയുടെ കരുനീക്കങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് ലീഗ് നേതൃത്വം സംയോജിതമായ തീരുമാനത്തിലെത്തിയത്.

ബിജെപി സമര പരിപാടിക്കിടയില്‍ അക്രമം നടത്താന്‍ ഇടയുണ്ട്. മുസ്‌ലിംങ്ങളെ അക്രമകാരികളായി ചിത്രീകരിക്കണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഈ ചതിക്കുഴിയില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നാണ് പരിപാടിയുടെ ദിവസം മാറ്റാന്‍ നിര്‍ദേശിച്ചുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഹെലിപാട് വരെ 35 കിലോമീറ്റര്‍ നീളത്തില്‍ പ്രവര്‍ത്തകരെ അണിനിരത്തി കറുത്തമതില്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. മുസ്‌ലിംങ്ങളെ അക്രമകാരികളായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് നിന്ന്‌കൊടുക്കേണ്ടതില്ല എന്ന് തന്നെയാണ് നേതൃത്വത്തില്‍ തീരുമാനം.