ജിദ്ദയില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ച 800 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദ സിറ്റിയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷ്യ ഉദ്പാദന കേന്ദ്രങ്ങളിലും കുടിവെള്ള ഫാക്ടറികളിലും നടത്തിയ പരിശോധനയില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചിരുന്ന 800 ടണ്‍ ഖര രൂപത്തിലുള്ള ഭക്ഷ്യ വസ്തുക്കളും 111 ലിറ്റര്‍ ദ്രാവക ഭക്ഷ്യ ഉത്പന്നങ്ങളും സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് വിഭാഗം പിടികൂടി.

ഫുഡ് ആന്റ് ഡ്രഗ്‌സ് വിഭാഗത്തിന്റെ പരിശോധകര്‍ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ച 18 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അതില്‍ നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൂടാതെ 12,000 ഒഴിഞ്ഞ ഗ്യാസ് ഡ്രിംഗ്‌സ് ബോട്ടലുകളും പിടിച്ചെടുത്തു.

അനുയോജ്യമല്ലാത്ത ചൂടില്‍ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുക, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിപണനം നടത്തുക, ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ത്തിട്ടുള്ള നിറങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാതിരിക്കുക, കാലാവധിയുടെ തിയതി തിരുത്തുക, അനുചിതമായ താപനിലയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുക, കാലഹരണപ്പെട്ട അസംസ്‌കൃത വസ്തുക്കളും ഉറവിടമറിയാത്ത ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുക, ടാഗില്ലാതെ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്യുക. കുപ്പിവെള്ളം പൊടിപടലങ്ങള്‍ നിറഞ്ഞതും മോശപ്പെട്ടതുമായ രീതിയില്‍ സംഭരിക്കുക, ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്തു ശുചിത്വക്കുറവും പ്രാണികളുടെ സാന്നിധ്യവും കണ്ടെത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധകര്‍ക്ക് കണ്ടെത്താനായത്.

നിയമവിരുദ്ധമായി ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചു വിതരണം ചെയ്യുന്ന എല്ലാ സ്ഥാപങ്ങള്‍ക്കെതിരെയും സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്.