റിയാദ് എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ് നിരക്ക് വർദ്ധിച്ചു

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് ഫീസ് നിരക്ക് മണിക്കൂറില്‍ മൂന്ന് റിയാലില്‍നിന്നും അഞ്ച് റിയാലായി ഉയര്‍ത്തി. കാര്‍പാര്‍ക്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള കമ്പനിയാണ് ഫീസ് ഉയര്‍ത്തിയത്. പുതിയ നിരക്ക് ഈ വര്‍ഷാരംഭത്തോടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
അതേസമയം, ജിദ്ദയിലെ പുതിയ വിമാനത്താവളത്തിലുള്ള വാഹന പാര്‍ക്കിംഗ് നിരക്ക് മണിക്കൂറില്‍ 10 റിയാലാണ് ഈടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ട വിഭാഗങ്ങളോട് സന്ദര്‍ശകര്‍ പരാതിപ്പെട്ടപ്പോള്‍ സെല്‍ഫ് മെഷിനുകള്‍ വഴി ടിക്കറ്റെടുത്താല്‍ പാര്‍ക്കിംഗ് ഫീസിന്റെ 50 ശതമാനം കുറവുണ്ടെന്നും അപ്പോള്‍ അഞ്ച് റിയാല്‍ മാത്രം അടച്ചാല്‍ മതിയെന്നും, ജനങ്ങളെ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ പരിശീലിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹീം റോസാ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ ജിദ്ദയിലെ ആഭ്യന്തര ടെര്‍മിനലിലേയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെയും പാര്‍ക്കിംഗ് ഫീസ് ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല. ഒരു മണിക്കൂറോ അതില്‍ താഴെയോ വാഹനം പാര്‍ക്ക് ചെയ്താല്‍ 3 റിയാല്‍ എന്നുള്ളതു തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.






