ഡക്കാര്‍ റാലിയുടെ ഒന്നാംഘട്ടത്തിന് പ്രൗഢോജജ്വല തുടക്കം

ജിദ്ദ: ‘സൗദി ഡക്കാര്‍ റാലി 2020’ ന്റെ ഒന്നാം ഘട്ടം ജിദ്ദയില്‍ നിന്നും സമാരംഭം കുറിച്ചു. 754 കിലോമീറ്റര്‍ ദൂരമുള്ള അല്‍ വജ്ഹിലേക്കാണ് യാത്രതിരിക്കുന്നത്. 2020 ജനുവരി 17 വരെ നീളുന്ന ഡക്കാര്‍ റാലി 12 ഘട്ടങ്ങളിലായി 7500 കിലോമീറ്ററുകള്‍ വഴിദൂരം സൗദി മരുഭൂമിയിലൂടെയും മലമടക്കുകളിലൂടെയും മറ്റു ദുര്‍ഘട പാതയിലൂടെയുമായിരിക്കും സഞ്ചരിക്കുക.

ഡക്കാര്‍ റാലിയുടെ രണ്ടാം ഘട്ടം അല്‍വജ്ഹില്‍ നിന്നും 367 കിലോമീറ്റര്‍ ദൂരത്തുള്ള നിയോം സിറ്റിയിലേക്കാണ്. മൂന്നാം ഘട്ടത്തില്‍ നിയോം സിറ്റിയിലെ ചുറ്റുവട്ടത്തിലുള്ള മരുഭൂമിയിലൂടെ 404 കിലോമീറ്ററുകള്‍ കടന്ന് റാലി തുടങ്ങിയ സ്ഥലത്തു തന്നെ അവസാനിക്കും. നാലാം ഘട്ടത്തിലുള്ള ഡക്കാര്‍ റാലി നിയോം സിറ്റിയില്‍ നിന്നും തുടങ്ങി 453 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ ഉലായിലേക്കാണ്. അല്‍ ഉലയില്‍ നിന്നും 353 കിലോമീറ്റര്‍ ദൂരെയുള്ള ഹാഇലിലേക്കാണ് റാലിയുടെ അഞ്ചാം ഘട്ടം. ആറാം ഘട്ടം ഹാഇലില്‍ നിന്നും 478 കിലോമീറ്റര്‍ അകലെയുള്ള റിയാദിലേക്കാണ് യാത്രതിരിക്കുന്നത്. ഏഴാം ഘട്ടത്തില്‍ 543 കിലോമീറ്റര്‍ താണ്ടി റിയാദില്‍ നിന്നും വാദി ദവാസിറിലേക്കും തുടര്‍ന്ന് റാലിയുടെ എട്ടാം ഘട്ടം വാദി ദിവാസിറിലെ മലമടക്കുകളിലൂടെ 474 കിലോമീറ്റര്‍ യാത്ര ചെയ്യും.

ഒമ്പതാംഘട്ടം വാദി ദവാസിറില്‍ നിന്നും 415 കിലോമീറ്റര്‍ ദൂരെയുള്ള ഹര്‍ദ് സിറ്റിയിലേക്കാണ്. ഹര്‍ദ് സിറ്റിയില്‍ നിന്നും 434 കിലോമീറ്റര്‍ ദൂരെയുള്ള ഷബീത്തിയ്യായിലേക്കാണ് യാത്ര തിരിക്കുന്നത്. പതിനൊന്നാം ഘട്ടത്തില്‍ ഷബീത്തിയ്യാ ഹര്‍ദ് സിറ്റികള്‍ക്കിടയില്‍ 379 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും അവസാനത്തെ ഘട്ടത്തില്‍ 374 കിലോമീറ്റര്‍ ദൂരം താണ്ടി ഷബീത്തിയ്യയില്‍ നിന്നും സൗദിയുടെ കലാ കായിക വിനോദ തലസ്ഥാനമായി മാറുന്ന അല്‍ ഖിദ്ദിയ്യയിലേക്കാണ് യാത്ര തിരിക്കുക.
ഡക്കാര്‍ റാലിയില്‍ നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. യാത്രകള്‍ മുഴുവനും മരുഭൂമിയിലൂടെയും മലമുകളിലൂടെയുമുള്ള ദുര്‍ഘട വഴിയിലൂടെയായിരിക്കും. സാഹസിക പ്രേമികള്‍ക്ക് ഡക്കാര്‍ റാലി പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.