പുതിയ പേക്കറ്റുകളിലെ സിഗററ്റുകളുടെ രുചി വ്യത്യാസം പരിഹരിക്കണമെന്ന് സര്‍ക്കാര്‍ സമിതി

റിയാദ്: പുകയില ഉല്‍പന്നങ്ങളുടെ ബാഹ്യമായ പാക്കറ്റുകള്‍ മാറ്റിയതിനുശേഷം സിഗററ്റുകളില്‍ കണ്ടെത്തിയ രുചിവ്യത്യാസം ഉടന്‍ തന്നെ പരിഹരിക്കുന്നതിന് പുകയില ഉത്പന്നങ്ങളുടെ കമ്പനികളോട് സൗദി സര്‍ക്കാര്‍ സമിതി നിര്‍ദ്ദേശം നല്‍കി. പുകയില വിഷയം പരിഹരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച സമിതിയാണ് സിഗരറ്റു കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സിഗററ്റുകളുടെ പാക്കറ്റുകള്‍ മാറ്റുന്നതിന് മുമ്പുള്ള രുചിയല്ല പുതിയ പാക്കറ്റുകളില്‍ വിതരണത്തിനെത്തിയ സിഗററ്റുകള്‍ക്കുള്ളതെന്ന് അഭിപ്രായമുണ്ട്. പുതിയ പാക്കറ്റുകളിലുള്ള സിഗററ്റുകള്‍ക്ക് വേറിട്ട രുചിയാണെന്ന് ഉപഭോകതാക്കള്‍ പരാതിപ്പെട്ടുന്നുണ്ട്. കൂടാതെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗം അന്താരാഷ്ട്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ ഫലങ്ങളിലും ഏതാനും പുകയില കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന സിഗററ്റുകളില്‍ രുചി വ്യത്യാസം കണ്ടെത്തിയിരുന്നു.

ഇത് സാങ്കേതിക ചട്ടങ്ങളോട് യോചിക്കുകയോ, ഫുഡ് ആന്റ് ഡ്രഗ്‌സ് അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകയോ ചെയ്യുന്നില്ല. ഒരു പക്ഷെ, ഈ വ്യത്യാസം ഉപഭോക്തൃ അനുഭവത്തില്‍ പുതിയ ഒരു മാറ്റത്തിലേക്ക് വരെ നയിച്ചേക്കാം. പക്ഷെ അതിന്റെ ഫലം അത്ര ശുഭകരമാവണമെന്നില്ല.

അതിനാല്‍ പുകയില നിര്‍മ്മാതാക്കള്‍ക്ക് ഈ വ്യത്യാസം പരിഹരിക്കാനും ഉപഭോക്താവിന് ഓരോ ഉത്പന്നത്തിന്റെയും സാധാരണമായ തനത് സ്വാദ് മടക്കിക്കൊണ്ടുവരാനും ഉല്പന്നത്തിന്റെ ചേരുവകകള്‍ വിശദീകരിക്കുവാനും ഉല്‍പാദന തീയതി, നിര്‍മ്മിച്ച രാജ്യം എന്നിവ പാക്കറ്റുകള്‍ക്ക് പുറത്തു ചേര്‍ക്കുവാനും സര്‍ക്കാര്‍ സമിതി പുകയില ഉല്‍പാദന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിഗരറ്റുകള്‍ പുതിയ പാക്കുകളില്‍ തന്നെ വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ കീഴിലായി ഉപഭോക്തൃ പരാതികളും അനുഭവങ്ങളും കേള്‍ക്കുന്നതിനും അത് പരിഹരിക്കുന്നതിനും കമ്പനികളോടും ഏജന്‍സികളോടും ഉപഭോക്താക്കളുമായി പ്രത്യേക കാള്‍ സെന്ററുകള്‍ വഴി നേരിട്ട് ബന്ധപ്പെടുവാനും സര്‍ക്കാര്‍ സമിതി നിര്‍ദ്ദേശം നല്‍കി.