കവിത: പുഴകളുടെ രോദനങ്ങള്‍

പുഴകളുടെ രോദനങ്ങള്‍

സക്കീന ഓമശ്ശേരി

ആകുലതകളുടെ
ഇടവഴിയിലൂടെ
യാത്ര ചെയ്തപ്പോഴാണ്
പൂക്കളും പുഴകളും
വസന്തങ്ങളും കണ്ട്
ഞാനെന്റെ സ്വപ്നങ്ങൾക്ക്
കടിഞ്ഞാണിട്ടത്

സൂര്യ താപമേറ്റ് പിടയുന്ന
രണ്ട് ആത്മ ഹൃദയങ്ങൾ
കൊടും പൊള്ളലേറ്റ്
യാഥാർത്ഥ്യത്തിന്റെ
പച്ചപ്പിലേക്ക് തിരിഞ്ഞു
നടന്നതിൽ പിന്നെ ഞാൻ

സ്വപ്നങ്ങളുടെ
ഭാണ്ഡക്കെട്ടുകളിൽ നിന്ന്
നുരുമ്പിയ വസ്ത്രങ്ങ
ളെടുത്ത് സുരക്ഷിത
ത്ത്വത്തിന്റെ മേൽക്കൂര
പണിയണമെന്ന് മോഹിച്ചു

പൊതിഞ്ഞു സൂക്ഷിച്ച
സ്നേഹവും കരുണയും
ഇഞ്ചിഞ്ചായി
കൊല്ലപ്പെടുകയാണെന്ന
റിഞ്ഞതോടെ
അസ്തമയ സൂര്യൻ
ചക്രവാളത്തിൽ
ഛായംപൂശി തുടങ്ങിയിരുന്നു

എവിടെയും യാചിച്ചു
ജീവിക്കാത്ത
അഭിമാനത്തെ
കണ്ടു യാത്ര ചോദിച്ചതും
അഭ്രപാളികൾ
മങ്ങി തുടങ്ങിയതും
നിശയുടെ മൂർദ്ധാവിൽ
നിലാവ് വീണപ്പോഴായിരുന്നു

ഇതിനിടയിൽ ചിരി
ഞരിഞ്ഞമർന്ന് മരിച്ചത്
സ്വപ്നങ്ങളുടെ ഇഷ്ടകിതാബിൽ അടയാളപ്പെടാതെ പോയ
ഇന്നിന്റെ വിലപിക്കും
കവിതയുടെ വേദന തന്നെ.. !