ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഇന്നു മുതല്‍ 300 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായും

ജിദ്ദ: വിശുദ്ധ മക്ക മദീന നഗരങ്ങളെ തമ്മില്‍ ബന്തന്ധപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ എല്ലാ സര്‍വ്വീസുകളും ഇന്നു മുതല്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതിയിലായിരിക്കുമെന്ന് ഹറമൈന്‍ ട്രെയിന്‍ പദ്ധതി മാനേജ്‌മെന്റ് അറിയിച്ചു.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിന് ട്രെയിനിന്റെയും പാതയുടെയും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടന്നും ഇത്രയും വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കാനുള്ള ഒരുക്കങ്ങള്‍ സജ്ജമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് റബാഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സ്‌റ്റേഷന്റെയും മദീന ഹറം സ്‌റ്റേഷന്റെയും ഇടയിലായിരിക്കും. ഇതോടെ ജിദ്ദ മദീന യാത്രയുടെ സമയം ഏകദേശം രണ്ടു മണിക്കൂറായി ചുരുങ്ങും. മക്കയില്‍ നിന്നും മദീനയിലേക്ക് 2.45 മണിക്കൂറുകൊണ്ട് എത്തും.

ഹറമൈന്‍ ട്രെയിന്‍ സേവനത്തിന്റെ വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍ എത്തുന്നതുവരെ പടിപടിയായി ഉയര്‍ത്തുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കൂടാതെ ജനുവരി ഒന്നു മുതല്‍ ജനുവരി 19 വരെ സ്‌കൂള്‍ അവധി പ്രാമാണിച്ചു ആഴ്ചയില്‍ ഏഴു ദിവസവും മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ ദിനംപ്രതി 16 സര്‍വ്വീസുകള്‍ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.