മാതാവിനെ തീവ്രവാദി പട്ടികയില്‍ ചേര്‍ക്കാന്‍ കൈക്കൂലി; വ്യവസായിക്കെതിരെ കേസ്

റിയാദ്: സ്വന്തം മാതാവിനെ തീവ്രവാദിപ്പട്ടികയില്‍ ചേര്‍ത്ത് കുടുക്കി ജയിലിലടപ്പിക്കുന്നതിന് വ്യവസായിയായ മകന്‍ മതകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന് 40 ലക്ഷം റിയാല്‍ കൈക്കൂലി കൊടുത്തതായി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു.
ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗം വ്യവസായിയെയും മതകാര്യ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തു. രാജ്യത്തിന് പുറത്തുള്ള തീവ്രവാദ സംഘടനക്ക് ധനശേഖരണം നടത്തുന്നുവെന്നും തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നുമുള്ള വ്യാജ ആരോപണം മാതാവിനെതിരെ വ്യവസായിയും മതകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനും ആരോപിക്കുകയായിരുന്നു.
മതകാര്യ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥന് 40 ലക്ഷം റിയാല്‍ കൈക്കൂലി നല്‍കി മാതാവിനെ തീവ്രവാദപട്ടികയില്‍ ചേര്‍ത്ത് പിടിപ്പിക്കുവാനാണ് വ്യവസായി ശ്രമിച്ചതെന്ന് തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ജനറല്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മാതാവും വ്യവസായിയായ മകനും തമ്മിലുള്ള കുടുംബ ബിസിനസിന്റെ ഇനത്തില്‍ 22 ദശലക്ഷം റിയാലിന്റെ ചെക്ക് മാതാവ് ആവശ്യപ്പെട്ട കാരണത്താലാണ് മാതാവിനെ തീവ്രവാദപട്ടികയില്‍ പെടുത്തി ജയിലിനകത്താക്കാന്‍ മകന്‍ ശ്രമിച്ചത്. കേസ് ജുഡീഷ്യറിക്ക് കൈമാറാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചു. ചോദ്യം ചെയ്യലില്‍ മാതാവിനെ തീവ്രവാദ പട്ടികയില്‍ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുവാന്‍ ശ്രമിച്ചെന്ന് വ്യവസായി സമ്മതിച്ചതായും അതേസമയം അതിന് മതകാര്യ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് അദ്ദേഹം നിഷേധിച്ചതായും ജനറല്‍ പ്രോസിക്യൂഷന്‍ അറിയിച്ചു.
സൗദിയിലെ ഉത്തരവാദപ്പെട്ട വിഭാഗത്തിന് മാതാവിനെ ദ്രോഹിക്കണമെന്ന ലക്ഷ്യത്തില്‍ ഒരു കത്ത് തയ്യാറാക്കുകയും ‘സ്വദേശിയായ തന്റെ മാതാവ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കായി ധനശേഖരണം നടത്തുന്നുവെന്ന്” അതില്‍ എഴുതുകയും മതകാര്യ വകുപ്പില്‍ അന്ന് ജോലിയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനെ അതിന് കൂട്ടുപിടിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
രാജ്യത്തിന് പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങളില്‍ തന്റെ മാതാവ് സന്ദര്‍ശിക്കാറുണ്ടെന്നും ഉമ്മാക്ക് പണം കൊടുക്കുന്ന ആളുകള്‍ ഉണ്ടെന്നും മില്യണ്‍ കണക്കിന് ധനം തീവ്രവാദ പ്രസ്ഥാനത്തിനായി അവര്‍ നല്‍കാറുണ്ടെന്നും രാജ്യത്തിന് തന്നെ അവര്‍ ഭീഷണിയാണെന്നും മകന്‍ ആരോപിക്കുന്നു. പക്ഷെ ഇതൊന്നും തെളിയിക്കുന്നതിനാവശ്യമായ തെളിവുകളോ മറ്റോ പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ല. ഈ പരാതി കളവാണെന്നും ഉമ്മയെ ചതിയില്‍ പെടുത്തുവാനുള്ള ശ്രമമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഉമ്മയെ ചതിയില്‍ പെടുത്തുവാന്‍ ശ്രമിക്കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ ശിക്ഷതന്നെ നല്‍കണമെന്നും ഇത് സമൂഹത്തിന് ഒരു പാഠമാവണമെന്നും ജനറല്‍ പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കൂടാതെ കൈക്കൂലി വാങ്ങിയ മുന്‍ മതകാര്യ വിഭാഗത്തിലെ പ്രമുഖ ഉദ്യോഗസ്ഥനും ശക്തമായ ശിക്ഷ നല്‍കണമെന്ന് ജനറല്‍ പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.





