ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷ പാളി; ട്രെയിന്‍ യാത്രാനിരക്കുകള്‍ കൂട്ടി സാധാരണക്കാർക്ക് ഇരുട്ടടി

ദില്ലി: ട്രെയിന്‍ യാത്രാനിരക്കുകള്‍ കൂട്ടി. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ദ്ധനവ്.

ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്‍റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി.
റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.