പതിനഞ്ചുകാരനെ ഒരാഴ്ചയോളം ലൈംഗികപീഡനത്തിന് ഇരയാക്കി; 21കാരിക്ക് എതിരെ കേസ്

ജുലീന

മൂന്നാർ: പതിനഞ്ചു വയസുള്ള ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 21 വയസുകാരിക്ക് എതിരെ പൊലീസ് പോക്സോ പ്രകാരം  കേസെടുത്തു. മൂന്നാറിലാണ് സംഭവം. 15 വയസുള്ള ആൺകുട്ടിയെയാണ് യുവതി പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതിയായ യുവതി. ഇവർ തമിഴ് നാട് സ്വദേശിനിയാണ്. ഒരാഴ്ച മുമ്പാണ് ബന്ധുവായ ഈ യുവതി മൂന്നാറിലെ പതിനഞ്ചുകാരന്‍റെ വീട്ടിലെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ യുവതി 15കാരനെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ജനനേന്ദ്രിയത്തിന് മുറിവും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. ഡോക്ടറോട് നടന്ന കാര്യങ്ങളെല്ലാം കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തുകയും യുവതിക്കെതിരെ പരാതി നൽകുകയുമായിരുന്നു.

പോലീസ് കേസെടുത്തതിനെ തുടർന്ന് യുവതി ഒളിവിൽ പോയി. യുവതിക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.