ഒരു പ്രത്യേക മത വിഭാഗത്തെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാവില്ല: കെ. സുധാകരന്‍ എം. പി

തലശ്ശേരി: ഒരു പ്രത്യേക മത വിഭാഗത്തെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാവില്ലെന്നു കെ. സുധാകരന്‍ എം. പി പറഞ്ഞു. ‘പൗരത്വ നിഷേധത്തിനെതിരെ ചേർന്നു നിൽക്കുക; ചെറുത്ത് തോൽപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി വിസ്ഡം ഇസ്ലാമിക് ഓർഗ്ഗനൈസേഷൻ തലശ്ശേരി പുതിയ ബസ്റ്റാന്റിൽ സംഘടിപ്പിച്ച ദേശരക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍ എം. പി. വിവിധ മതങ്ങളെയും ആചാരങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന മഹത്തായ ഭരണ ഘടനയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം തടങ്കൽപാളയങ്ങൾ നിർമ്മിച്ചുവരികയാണ് കേന്ദ്രസർക്കാർ. ഇത് എന്തിനുവേണ്ടിയാണെന്ന് മോഡി വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇസ്മയില്‍ കിണവക്കിൽ അധ്യക്ഷത വഹിച്ചു. കെ. കെ രാഗേഷ് എം. പി മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജി. എസ് ഫ്രാൻസിസ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, അബ്ദുള്‍ കരീം ചേലേരി തുടങ്ങിയവർ സംബന്ധിച്ചു.