പുതിയ വര്‍ഷാരംഭത്തില്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന ചില തീരുമാനങ്ങള്‍

റിയാദ്: 2019 വര്‍ഷത്തില്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ പലപ്പോഴായി എടുത്തിട്ടുള്ള ചില തീരുമാനങ്ങളും ചട്ടങ്ങളും 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. അതില്‍ പ്രധാനപ്പെട്ടത്:
1. വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.
രാത്രിയിലും പകലുമായി വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള സൗദി മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂലൈമാസം മധ്യത്തിലായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നും ഇത് 2020 ജനുവരി മാസത്തോടെ പ്രാബല്യത്തില്‍ വരുന്നതാണെന്നും ഇതിനായി നഗര ഗ്രാമ വിഭാഗം മന്ത്രി നിശ്ചയിക്കുന്ന ഫീസ് അടക്കേണ്ടതാണെന്നുമാണ് തീരുമാനം.
2. സൗദി ടൂറിസ്റ്റുകള്‍ക്ക് തുര്‍ക്കിയിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി.
സൗദി ടുറിസ്റ്റുകള്‍ക്ക് തുര്‍ക്കിയില്‍ പോകുന്നതിന് ഓണ്‍ലൈന്‍ വഴിയോ ഓണ്‍ അറൈവലായോ ടുറിസ്‌റ് വിസ ഇഷ്യു ചെയ്യുന്ന പദ്ധതി ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
3. ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരം ഇഖാമ, ഐ.ഡി കാര്‍ഡുകള്‍ മതിയാകും.
ആരോഗ്യ സേവനത്തിനായി ആശുപത്രി, ക്ലിനിക്കുകള്‍ തുടങ്ങിയ ഹെല്‍ത്ത് സെന്റെറുകളില്‍ പോകുമ്പോള്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കേണ്ട ആവശ്യമില്ലെന്നും ഇഖാമയോ, നാഷണല്‍ ഐഡന്റിറ്റി കാര്‍ഡോ കാണിച്ചാല്‍ മതിയെന്നും സൗദി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് 2020 ജനുവരി ഒന്ന് ബുധനാഴ്ച മുതലായിരിക്കും.
4. പുതിയ ടാക്‌സ് നയം
പുതിയ ടാക്‌സ് നയപ്രകാരം സൗദിയില്‍ താമസിക്കുന്ന ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് 2020 ജനുവരി ഒന്നു മുതല്‍ ടാക്‌സ് ചുമത്തപ്പെടും. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് തങ്ങുന്നതിന് ടാക്‌സ് ഈടാക്കുകയില്ല. അവരുടെ ബിസിനസിന്റെ വരുമാനത്തിന്മേലുള്ള ടാക്‌സ് മാത്രമേ അടക്കേണ്ടതുള്ളൂ.
5. രാത്രികാല ജോലികളില്‍ ക്രമീകരണം.
ഇക്കഴിഞ്ഞ നവമ്പര്‍ മാസത്തില്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹ്‌മദ് റാജിഹി രാത്രികാല തൊഴില്‍ നിയമം കൊണ്ടുവന്നിരുന്നു. രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും സ്ഥാപന ഉടമ ചെയ്തുകൊടുക്കേണ്ടതുണ്ടെന്ന വ്യവസ്ഥയുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നത് ജനുവരി ഒന്ന് മുതല്‍ക്കാണ്.
6. ഹൈട്രജനേറ്റഡ് എണ്ണകളുടെ ഉപയോഗം നിര്‍ത്തിവെക്കുക.
2020ന്റെ ആരംഭത്തോടെ ഭക്ഷ്യ ഇനങ്ങളില്‍ ഹൈട്രജനേറ്റഡ് ഓയിലുകളുടെ ഉപയോഗം നിര്‍ത്തിവെക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅ വ്യക്തമാക്കി. ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ നിന്നും ഹൈഡ്രജനേറ്റഡ് ഓയില്‍ ഉള്‍പ്പെടുത്തുന്ന് പടിപടിയായി തടയണമെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കണമെന്നും ഭക്ഷ്യ ഉല്‍പാദകരോടും ഇറക്കുമതി കമ്പനികളോടും സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് ജനറല്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
7. സ്വകാര്യ ടാക്‌സി വിഭാഗം സ്വദേശിവല്‍ക്കരിക്കുക.
സ്വകാര്യ ടാക്‌സി മേഖല സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള അവസാന സമയം 2019 ഡിസംബര്‍ 31 നാണെന്ന് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവും നേരത്തെ അറിയിച്ചിട്ടുള്ളതാണ്. 2020 ജനുവരി ഒന്നുമുതല്‍ സ്വദേശി ഡ്രൈവര്‍മാരല്ലാത്തവര്‍ക്ക് സ്വകാര്യ ടാക്‌സി ഉപയോഗിച്ച് തൊഴില്‍ ചെയ്യുവാന്‍ അനുവാദമില്ല.
8. സൗദി വിമാനത്താവളങ്ങളില്‍ 10 റിയാല്‍ യൂസേഴ്‌സ് ഫീ
സൗദിയിലെ വിമാനത്താവളങ്ങളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് വിമാനത്താവളങ്ങളില്‍ നിന്നും വരുന്നവരും പോകുന്നവരുമായ എല്ലാ ആഭ്യന്തര യാത്രക്കാരില്‍ നിന്നും പത്ത് റിയാല്‍ വീതം യൂസേഴ്‌സ് ഫീ ഈടാക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നത് 2020 ജനുവരി ഒന്ന് മുതല്‍ക്കാണ്.
വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് പണം ശേഖരിക്കുന്നതിനാണ് യാത്രക്കാരില്‍ നിന്നും പത്ത് റിയാല്‍ വീതം വാങ്ങുന്നതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.
നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ മാത്രമേ 10 റിയാല്‍ യൂസേഴ്‌സ് ഫീ അടക്കേണ്ടതുള്ളൂ. ആന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.





