സൗദി ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ അടുത്ത ബുധനാഴ്ച മുതല്‍ യൂസേഴ്‌സ് ഫീ; ആഭ്യന്തര യാത്രക്കാര്‍ 10 റിയാല്‍ ഫീസടക്കണം

ജിദ്ദ: സൗദിയിലെ ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ ജനുവരി ഒന്നു മുതല്‍(അടുത്ത ബുധനാഴ്ച) യാത്രക്കാരില്‍ നിന്നും 10 റിയാല്‍ യൂസേഴ്‌സ് ഫീ ഈടാക്കുവാന്‍ തുടങ്ങും. സൗദിയില്‍ ആഭ്യന്തര സേവനം നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളിലെ യാത്രക്കാര്‍ക്കും ഇത് ബാധകമാകും.

അതേസമയം, മുലകുടിപ്രായത്തിലുള്ള പിഞ്ചുകുട്ടികള്‍, വിമാനത്തില്‍ ഡ്യൂട്ടിയുള്ള വൈമാനികര്‍, പൈലറ്റ്, എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍, ടെക്‌നീഷ്യന്മാര്‍, വിമാനത്തില്‍ നിന്നും ഇറങ്ങാതെ ട്രാന്‍സിറ്റ് വിസയിലെത്തിയവര്‍ എന്നിവര്‍ക്ക് യൂസേഴ്‌സ് ഫീ അടക്കുന്നതില്‍ നിന്നും ഇളവുണ്ട്.

എര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് എയര്‍പ്പോര്‍ട്ടുകളില്‍ വരുന്നവരും പോകുന്നവരുമായ എല്ലാ യാത്രക്കാരില്‍ നിന്നും പത്ത് റിയാല്‍ വീതം യൂസേഴ്‌സ് ഫീ ഈടാക്കുവാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. എയര്‍പോര്‍ട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് പണം ശേഖരിക്കുന്നതിനാണ് യാത്രക്കാരില്‍ നിന്നും പത്ത് റിയാല്‍ വീതം വാങ്ങുന്നതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ മാത്രമേ 10 റിയാല്‍ യൂസേഴ്‌സ് ഫീ അടക്കേണ്ടതുള്ളൂ. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.