പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കാനെന്ന് മുന്‍ ഡി. ജി. പി

പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കാനെന്ന് മുന്‍ ഡി. ജി. പി

തലശ്ശേരി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കാനെന്ന് മുന്‍ ഡി. ജി. പി അഡ്വ. ടി ആസഫലി. പൗരത്വനിയമ ഭേദഗതിയും ഭരണഘടന സാധുതയും എന്ന വിഷയത്തില്‍ തലശ്ശേരി പ്രസ്‌ഫോറം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം ഇന്ത്യക്കു തന്നെ എതിരാണ്. ലോകത്ത് ഒരു രാജ്യത്തും ഇന്ത്യയെപ്പോലെ വിവിധങ്ങളായ മതങ്ങളെയും വര്‍ഗ്ഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. കൃഷിക്കനുയോജ്യമായ
മണ്ണുള്ളതു കൊണ്ടാണ് ഇവിടെ കുടിയേറ്റം കൂടിയത്. ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികള്‍ ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തില്‍ ഒരു തെറ്റുമില്ലെന്നും ഇതില്‍ ചിലത് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അഡ്വ. വി രത്‌നാകരന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ അന്തസത്തക്കെതിരാണെന്ന് അഡ്വ. കെ. സി രഘുനാഥ് ചൂണ്ടിക്കാട്ടി. മതപരമായി പീഡിപ്പിക്കപ്പെട്ട ഇന്ത്യയിലെ ബിന്ദുക്കളെ തിരിച്ചുകൊണ്ടുവരണമെന്നാണ് നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പറയാന്‍ ഇന്ത്യ എന്താ ഹിന്ദു രാഷ്ട്രമാണോയെന്നും അദ്ദേഹം ചോദിച്ചു. ഒരുപാട് മതവിഭാഗങ്ങളെയും ആചാരങ്ങളേയും ഉള്‍ക്കൊള്ളുന്ന ലോകത്തെതന്നെ മഹത്തായ സംസ്‌ക്കാരമുള്ള
രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുവിഭാഗം മതങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് അംഗീകരിക്കാാനാവില്ലെന്നും മുന്‍പത്തെ മൂന്ന് രാഷ്ട്രപതിമാര്‍ തിരിച്ചയച്ച ബില്ലാണെന്നും ഒടുവില്‍ ഇത് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരികയാണുണ്ടായിതെന്നും അഡ്വ. പ്രദീപ് പുതുക്കുടിചൂണ്ടിക്കാട്ടി. ലോകത്തെതന്നെ ഏറെ ശ്രേഷ്ടമായ ഒരു ഭരണഘടനയുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ, പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കുവാനെ ഉപകരിക്കുവെന്നും അഡ്വ. അജിത്ത് പറഞ്ഞു.

പ്രസ്‌ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍. പ്രശാന്ത്, കെ. പി ഷീജിത്ത് എന്നിവരും സംസാരിച്ചു.