തന്നെ ക്രിമിനലായി ചിത്രീകരിച്ചാലും പൗരത്വ ബില്ലിനെ അനുകൂലിക്കില്ല; ഇർഫാൻ ഹബീബ്

കണ്ണൂർ: ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചു എന്ന ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ്. വേദിയിൽ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അബുൾ കലാം ആസാദിനെ തെറ്റായി ഉദ്ദരിച്ചപ്പോൾ മാത്രമാണ് പ്രസംഗത്തിൽ ഇടപെട്ടത് എന്നും അദ്ധേഹം പറഞ്ഞു.
മുസ്ലീങ്ങളെ അഴുക്കു ചാലിലൂടെ ഒഴുകുന്ന വെള്ളത്തിനോട് അബ്ദുൽ കലാം ആസാദ് ഉപമിച്ചിരുന്നു എന്നാണ് ഗവർണർ പറഞ്ഞത്. അങ്ങനെ ഒരിടത്തും അബ്ദുൽ കലാം ആസാദ് പറഞ്ഞിട്ടില്ല. ചരിത്ര കോൺഗ്രസിന്റെ വേദിയിൽ വെച്ച് അബ്ദുൽ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗത്തിൽ ഇടപെടേണ്ടി വന്നത് എന്നും അദ്ധേഹം പറഞ്ഞു.
88 കാരനായ തനിക്ക് ഗവർണറുടെ 35 കാരനായ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ കഴിയില്ല. അലിഗഡ് സർവകലാശാലയിലെ പദവി എടുത്തുകളയണമെന്ന ബിജെപിയുടെ ആവശ്യത്തെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
തന്നെ ക്രിമിനലായി ചിത്രീകരിച്ചാലും പൗരത്വ ബില്ലിനെ അനുകൂലിക്കാൻ ആകില്ല. ഗവർണർ തെറ്റിധാരണ പരത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞതിന്റെ ലക്ഷ്യം വ്യക്തമാണ് എന്നും അദ്ധേഹം പറഞ്ഞു. അതേ സമയം ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളും പ്രതിനിധികളും പ്രതിഷേധം തുടരുകയാണ്.






