സൗദിയിലെ സ്വകാര്യ മേഖല: നേതൃസ്ഥാനത്ത് 75 ശതമാനം സ്വദേശികൾ

– തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദ്ദേശവുമായി ശൂറാ കൗൺസിൽ സമിതി
– ലക്‌ഷ്യം തൊഴിലില്ലായ്‌മ ഏഴ് ശതമാനമായി കുറക്കൽ.

റിയാദ്: തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തൊഴിൽ നിയമാവലിയിലെ ആർട്ടിക്കിൾ 26 ഭേദഗതി ചെയ്യുവാൻ സൂറ കൗൺസിലിലെ സാമൂഹിക കുടുംബ യൂത്ത് സമിതി അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

തൊഴിലിടങ്ങളിൽ സ്വദേശി തൊഴിലാളികളുടെ അനുപാതം മൊത്തം തൊഴിലാളികളുടെ 75 ശതമാനത്തിൽ കുറയാൻ പാടില്ലെന്നും, നേതൃസ്ഥാനങ്ങളിലും സ്വദേശികളുടെ എണ്ണം 75 ശതമാനമാക്കുകയും ചെയ്യുകയും, അതേസമയം സാങ്കേതിക കഴിവുകളോ വിദ്യാഭ്യാസ യോഗ്യതകളോ ഉള്ള സ്വദേശികളെ ലഭ്യമല്ലെങ്കിൽ സ്വദേശി തൊഴിലാളികളുടെ അനുപാതത്തിൽ താൽകാലികമായി കുറവ് വരുത്തുവാൻ മന്ത്രിക്ക് അധികാരമുണ്ടായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സമിതി സമർപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ സൗദി വിഷൻ 2030 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കുകയെന്നതാണ്. ഇത് തൊഴിലില്ലായ്മ നിരക്ക് 7% ആക്കി കുറയ്ക്കാനും സൗദി പൗരന്മാർക്ക് ഉചിതമായ തൊഴിൽ അന്തരീക്ഷം നൽകാനും ലക്ഷ്യമിടുന്നു. കൂടാതെ സ്വകാര്യ മേഖകളുമായി സഹകരിച്ചു കച്ചവട സ്ഥാപനങ്ങളും വൻ കമ്പനികളും സൃഷ്ടിക്കുകയും പരമ്പരാഗത കുടുംബ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും കമ്പനികളുടെ നേതൃസ്ഥാനത്തിൽ വിപുലീകരണം നടത്തി സ്വദേശി യുവതീ യുവാക്കൾക്ക് അവസരം നേടിക്കൊടുക്കുകയും ചെയ്യുക എന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

സ്വദേശി യുവതീയുവാക്കൾ നേതൃസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നത് അതേസഥാപനത്തിലെ താരതമ്യേന താഴ്ന്ന നിലയിലുള്ള ജോലികളുടെ പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തും. കൂടാതെ പൊതുവെ സ്വകാര്യമേഖലയിലും സ്വദേശികൾക്ക് തൊഴിലെടുക്കുവാൻ പ്രചോദനവും താല്പര്യവും ഉണ്ടാവുകയും സ്വദേശികൾക്ക് മെച്ചപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുമെന്നും നിർദേശത്തിലൂടെ സമിതി വ്യക്തമാകുന്നു.

രാജ്യത്തെ ഭൂരിപക്ഷം സ്വകാര്യമേഖലകളിലുള്ള നേത്രസ്ഥാനങ്ങളിൽ വിദേശികളുടെ ആധിപത്യമാണ്. സൗദി സമ്പദ്‌വ്യവസ്ഥയിൽ ചലനം സൃഷ്ടിക്കാവുന്ന ചില സ്വകാര്യ സ്ഥാപനങ്ങളിലെ നേത്രസ്ഥാനവും ഏതാണ്ട് പൂർണ്ണമായും വിദേശികളുടെ കൈകളിലാണ്. ഇത് സ്വദേശിവത്കരണത്തിനു വലിയ ഭീക്ഷണിയാണ് ഉണ്ടാവുന്നത്. കൂടാതെ സ്വദേശി തൊഴിലാളികളുടെ നിലനില്പിനെയും അവരുടെ ജോലിയിലെ സ്ഥിരതയെയും ബാധിക്കുകയും ചെയ്യും. നേത്രസ്ഥാനത്തുള്ള വിദേശി അവന്റെ കീഴിലുള്ള സ്വദേശികളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത് സ്വദേശി തൊഴിലാളിയുടെ കരിയറിന് തന്നെ കോട്ടം തട്ടുകയും ചെയ്യുമെന്നും സമിതി ആശങ്കപ്പെടുന്നു.

സ്വകാര്യമേഖലയിൽ ജോലിയിൽ ഏർപ്പെടാൻ സൗദി യുവാക്കളെ പരിശീലിപ്പിക്കാനും യോഗ്യത നേടാനും സ്വദേശികൾ തന്നെ താല്പര്യം കാണിക്കുമെന്നതിനാൽ സമീപ ഭാവിയിൽ സ്വകാര്യവൽക്കരണം ശരിയായ രീതിയിൽ വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിലവിലെ സാഹചര്യത്തിൽ ഭാവിയിൽ രാജ്യത്തിന് സാമ്പത്തിക നേട്ടം കൈവരിക്കണമെങ്കിൽ സ്വദേശിവൽക്കരണം ശരിയായ ദിശയിലൂടെ തുടരേണ്ടതുണ്ടെന്നും നിർദ്ദേശത്തിൽ പരാമർശിക്കുന്നു.

അതേസമയം സ്വകാര്യ സംരംഭങ്ങളുടെ നേത്രസ്ഥാനങ്ങളിൽ 25 ശതമാനം യോഗ്യരും വിദഗ്‌ധരുമായ വിദേശികളെ നിലനിർത്തണമെന്നും അവരുടെ വൈദഗ്ധ്യവും നിപുണതയും കഴിവുകളും സ്വദേശിയുവാക്കൾക്ക് പകർത്താനാവണമെന്നും നിർദ്ദേശത്തിൽ പറയുന്നു.