20 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തിയതായി ഹജജ് മന്ത്രാലയം

ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ തുടങ്ങിയതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ രാജ്യത്തെത്തിയ വിദേശ തീര്‍ത്ഥാടകരുടെ എണ്ണം 20 ലക്ഷത്തിലധികമാണെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇക്കഴിഞ്ഞ 4 മാസത്തിനിടയില്‍ 23,71,441 ഉംറ വിസകള്‍ സൗദി ഗവണ്‍മെന്റ് ഇഷ്യു ചെയ്തു. അതില്‍ 20,31,213 തീര്‍ത്ഥാടകരാണ് വിശുദ്ധ ഭൂമിയിലെത്തിയത്. എത്തിയവരില്‍ 15,59,764 തീര്‍ത്ഥാടകര്‍ ഉംറ കര്‍മ്മവും മദീന സന്ദര്‍ശനവും കഴിഞ്ഞു അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയതായും ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുവാനും അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുവാനും ലക്ഷ്യമിട്ട് ഹജജ് ഉംറ മന്ത്രാലയം ഈയിടെ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിരുന്നു. അവിചാരിതമായി ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ പരിഹാരം കാണാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇതിനകം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. 4,95,270 തീര്‍ത്ഥാടകരാണ് പാക്കിസ്ഥാനില്‍നിന്നും എത്തിയത്. പാക്കിസ്ഥാന് ശേഷം ഇന്തോനേഷ്യയില്‍ നിന്നും 4,43,879 ഉം മൂന്നാമതായി ഇന്ത്യയില്‍ നിന്ന് 2,62,887 തീര്‍ത്ഥാടകരും ഇതിനകം ഉംറ കര്‍മ്മത്തിനായി പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്. മലേഷ്യ 1,16,335, ഈജിപ്ത് 1,04,820, അള്‍ജീരിയ 80,238 തുര്‍ക്കി 78,512 ബംഗ്‌ളാദേശ് 73,142, യുഎഇ 46,370, ജോര്‍ദാന്‍ 32,011 എന്നിങ്ങനെയാണ് ഉംറ കര്‍മ്മത്തിനായി കൂടുതലായെത്തിയ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം.

രാജ്യത്തെത്തിയ വിദേശ തീര്‍ത്ഥാടകാരില്‍ 19,38,991 പേരും വിമാനത്തതാവളം വഴിയാണെത്തിയത്. എന്നാല്‍ 91,443 തീര്‍ത്ഥാടകര്‍ കരമാര്‍ഗ്ഗവും, 779 തീര്‍ത്ഥാടകര്‍ കപ്പല്‍ മാര്‍ഗവുമാണ് ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയതെന്നും ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.