എത്യോപ്യയില്‍ നിന്നുള്ള വീട്ടുവേലക്കാരുടെ വിസ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു

ജിദ്ദ: എത്യോപ്യയില്‍ നിന്നുള്ള വീട്ടുവേലക്കാരെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നത് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം നിര്‍ത്തിവെച്ചതായി നിരവധി റിക്രൂട്ടിംഗ് ഓഫീസ് അധികൃതര്‍ അറിയിച്ചു.

സൗദിയിലെ വീട്ടുവേലക്കാരില്‍ 20 ശതമാനവും എത്യോപ്യയില്‍ നിന്നുള്ളവരാണ്. ഇതുകൊണ്ട് തന്നെ തൊഴില്‍ മന്ത്രാലയത്തിന്റെ പെട്ടെന്നുള്ള തീരുമാനം റിക്രൂട്ടിങ് ഓഫീസുകളില്‍ വലിയ രീതിയില്‍ പ്രശ്‌നമുണ്ടാവാന്‍ കരണമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

എത്യോപ്യന്‍ തൊഴിലാളികളുടെ വിസ നിര്‍ത്തിവെക്കുവാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തിനുള്ള വിശദീകരണം റിക്രൂട്ടിങ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് ഇത് സംഭവിച്ചതെന്ന് ചിലര്‍ പരാതിപ്പെട്ടു. എന്നാല്‍ വീട്ടുവേലക്കാര്‍ക്കുള്ള ശമ്പളം 1200 സൗദി റിയാലാക്കി ഉയര്‍ത്തണമെന്ന് എത്യോപ്യയുടെ ഭാഗത്തുനിന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, തൊഴിലാളികള്‍ക്കുള്ള ഏകീകൃത തൊഴില്‍ കരാറിലൂടെ അംഗീകൃത ഏജന്‍സികള്‍ വഴിയോ ഔദ്യോഗീക റിക്രൂട്ടിങ് ഓഫീസ് വഴിയോ മാത്രമേ തൊഴിലാളികള്‍ വരാവൂ എന്നും എത്യോപ്യ നിബന്ധനവെച്ചിരുന്നു.

സൗദിയും എത്യോപ്യന്‍ ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍ പ്രകാരം എത്യോപ്യന്‍ തൊഴിലാളികളുടെ വിസകള്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ എത്യോപ്യന്‍ തലസ്ഥാനമായ അദീസാബാബയിലെ സൗദി എംബസി ഇഷ്യു ചെയ്യുന്നത് തുടങ്ങിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഒരു വിശദീകരണവും നല്‍കാതെ തൊഴില്‍ മന്ത്രാലയം വിസ ഇഷ്യു ചെയ്യുന്നത് നിര്‍ത്തിവെച്ചിട്ടുള്ളത്.