ഗവര്‍ണര്‍ പങ്കെടുത്ത വേദിയിലെ പ്രതിഷേധം; വി.സിയെ വിളിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിപ്പിച്ചു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്താനാണു നിര്‍ദേശം. വിവാദ പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്ര കോണ്‍ഗ്രസ് തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് വേദിയായത്. ഗവര്‍ണറുടെ ഉദ്ഘാടനപ്രസംഗത്തിനിടെ ആയിരുന്നു പ്രതിഷേധം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാഡുകള്‍ ഉയര്‍ത്തി ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ വേദിക്കരികില്‍ പ്രതിഷേധിച്ചു. എന്നാല്‍, പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാന്‍ ആകില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രീയവിഷയം പരാമര്‍ശിക്കാനുള്ള വേദിയല്ല, ചരിത്രവിഷയം സംസാരിക്കാനുള്ള വേദിയാണ് എന്നുപറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. എന്നാല്‍ അദ്ദേഹം പിന്നീട് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ സദസ്സില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു.