ജനുവരി ഒന്നു മുതല്‍ ബഹ്‌റൈനിലേക്ക് ബൈക്കിലുടെ യാത്രചെയ്യാം

അല്‍ഖോബാര്‍: സൗദി ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്തിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെ ജനുവരി ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മോട്ടോര്‍ സൈക്കിളിലൂടെ യാത്ര ചെയ്യുവാന്‍ അനുവദിക്കുമെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.

ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഇരുരാജ്യങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും പൂര്‍ത്തിയായതായും ജനുവരി ഒന്ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ ബൈക്കുകള്‍ക്ക് പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവേശനാനുമതി നല്‍കുമെന്നും അതോറിറ്റി അറിയിച്ചു.

രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള പാലത്തിലൂടെ ബൈക്കുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ അതിന് ചില നിബന്ധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടര്‍ എന്‍ജിനീയര്‍ ഇമാദ് മുഹൈസിന്‍ അറിയിച്ചു. ബൈക്കുകള്‍ക്ക് ട്രാഫിക് നമ്പര്‍ പ്‌ളേറ്റ്, റജിസ്‌ട്രേഷന്‍ രേഖ എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ബൈക്കുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ സൗദി – ബഹ്‌റൈന്‍ നിയമങ്ങള്‍ക്ക് വിധേയരാവുകയും വേണം.

എല്ലാ ദിവസവും 24 മണിക്കൂറും പ്രവേശനാനുമതി നല്‍കും. മോശം കാലാവസ്ഥയാണെങ്കില്‍ മാത്രം യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി താല്‍കാലികമായി അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കും. കിംഗ് ഫഹദ് കോസ്‌വേയുടെ ഏറ്റവും വലതുഭാഗത്തായി രണ്ടു രാജ്യങ്ങളുടെയും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ ഭാഗങ്ങളില്‍ ബൈക്ക് യാത്രക്കാര്‍ക്കായി പ്രത്യേക ട്രാക്ക് സംവിധാനിച്ചിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ യാത്രപടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ പേയ്‌മെന്റ് ട്രാക്കുകളിലൂടെയും പേയ്‌മെന്റ് നടത്താവുന്നതാണെന്നും ബൈക്കുകള്‍ക്ക് 25 സൗദി റിയാല്‍ അല്ലെങ്കില്‍ 2.5 കുവൈത്ത് ദീനാര്‍ (ഒരു ഭാഗത്തേക്ക് മാത്രം) ഫീസായി അടക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മോട്ടോര്‍ സൈക്കിളില്‍ കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്രചെയ്യാനുദ്ദേശിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സേഫ്റ്റി ജാക്കറ്റ്, ഹെല്‍മമറ്റ്, ഐ പ്രൊട്ടക്ടര്‍ ഗ്‌ളാസ് എന്നിവ ധരിക്കണം. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍, ചിഹ്‌നങ്ങള്‍ എന്നിവ പാലിച്ചു നിശ്ചിത ട്രാക്കുകളിലൂടെ നിശ്ചിത വേഗതയില്‍ മാത്രമെ ബൈക്കുകള്‍ ഓടിക്കുവാന്‍ അനുമതിയുള്ളു. നേരത്തെ സൗദി ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെ ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് ാനുമതി ഉണ്ടായിരുന്നില്ല.