പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ല: യെദ്യൂരപ്പ

ബെംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബി.എസ് യെദ്യൂരപ്പ. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ നല്‍കൂവെന്നാണ് യെദ്യൂരപ്പ് ഇന്ന് പറഞ്ഞത്.
മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ ജലീല്‍ (49), നൗഷീന്‍ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് യെദ്യൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ ആക്രമണം ആസൂത്രിതമാണെന്ന രീതിയിലുള്ള പ്രചരണം വന്നതിന് പിന്നാലെ യെദ്യൂരപ്പ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. അക്രമം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷമേ നഷ്ടപരിഹാരം നല്‍കുകയുള്ളുവെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്.
മജിസ്റ്റീരിയല്‍ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംഘം ആളുകള്‍ സി.സി.ടി.വി ക്യാമറകള്‍ തകര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.






