കേടായ ഭക്ഷ്യവസ്തുക്കള്‍ റീപേക്ക് ചെയ്ത് കച്ചവടകേന്ദ്രങ്ങളിലെത്തിക്കുന്ന സംഘം പിടിയിലായി

റിയാദ്: കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു അതിന്റെ കാലാവധി തീയ്യതിയില്‍ മാറ്റം വരുത്തി പുതിയ തിയതിയോടെ പുതിയ പാക്കറ്റുകളിലായി വീണ്ടും മാര്‍ക്കറ്റുകളില്‍ കച്ചവടം നടത്തുകയായിരുന്ന സംഘത്തെ റിയാദില്‍ പിടികൂടി. റീപാക്കിംഗ് പതിവാക്കിയിരുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ച വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയാണ് ഇവരുടെ കേന്ദ്രത്തിവെച്ച് പിടികൂടിയത്. സൗദിയിലെ താമസ തൊഴില്‍ നിയമ ലംഘകരായ വിദേശികളാണ് ഈ കേന്ദ്രങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പരിശോധന ഉദ്യോഗസ്ഥരുടെ കൂടെയുണ്ടായിരുന്ന മീഡിയാ പ്രവര്‍ത്തകന്‍ കേന്ദ്രം തെരച്ചില്‍ നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയുണ്ടായി. കോഴിമുട്ടയുടെ വന്‍ശേഖരം പുതിയ പാക്കറ്റുകളിലും കാര്‍ട്ടൂണികളിലും റീപേക്ക് ചെയ്ത് മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുവാന്‍ തയ്യാറാക്കിവെച്ചിരിക്കുന്നത് കണ്ടെത്തുകയുണ്ടായി. കൂടാതെ ഈ കേന്ദ്രത്തില്‍ നിന്ന് ഏതാനും തൊഴിലാളികളെയും പിടികൂടുകയുണ്ടായി. തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്ന് വീഡിയോയിലെ ശബ്ധത്തിലുടെ വ്യക്തമാകുന്നുണ്ട്.
റിയാദിലെ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും കാലാവധികഴിഞ്ഞതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കുകയും അതിന്റെ കാലാവധി തീയ്യതി തിരുത്തി പുതിയ തീയ്യതി പതിച്ച് പുതിയ കാര്‍ട്ടൂണുകളിലാക്കി രണ്ടാമത് പേക്ക് ചെയ്ത് കടകളിലും കര്‍ക്കറ്റുകളിലും വിതരണം ചെയ്ത് കച്ചവടം നടത്തിയിരുന്ന സംഘമാണ് പിടിയിലായത്.
വ്യവസായ വാണിജ്യ മന്ത്രാലയം, തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം, പരിസ്ഥിതി വിഭാഗം, റിയാദ് പോലീസ് വിഭാഗം, റിയാദിലെ മലാസ് മുനിസിപ്പാലിറ്റി, ഫീല്‍ഡ് റെയ്ഡ് ഫോഴ്‌സ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.






