മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടണം: അബ്ദുല്‍ മജീദ് ഫൈസി

ജിദ്ദ: രാജ്യത്ത് സമാധാന ജീവിതം ഉറപ്പ് വരുത്താനും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയും വേണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ ഫൈസിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളും മറ്റു ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിവേചനത്തിന് അറുതിയാവണമെങ്കില്‍ അവര്‍ രാഷ്’ട്രീയമായി സംഘടിച്ചു സ്വയം ശാക്തീകരിക്കപ്പെടണമെന്ന് അദ്ധേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി മുസ്‌ലിം ദളിദ് മറ്റു പിന്നോക്ക സമുദായങ്ങളെ താങ്ങളുടെ വോട്ട് ബാങ്കാക്കി നിര്‍ത്താനാണ് ശ്രമിച്ചത്. ന്യൂന പക്ഷ പിന്നാക്ക വിഭാഗങ്ങള്‍ സംഘടിക്കുന്നത് രാജ്യത്ത് വര്‍ഗീയത വളര്‍ത്തുമെന്ന പരമ്പരാഗത പ്രചാരണങ്ങള്‍ ഇവര്‍ കാലങ്ങളായി നടത്തിവരുന്നു. ഇത് അര്‍ഹിക്കുന്ന അവഞ്ഞ്ഞയോടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററിനേയും കുറിച്ച് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല, ഇന്ത്യാ ഫ്രറ്റേര്‍നിറ്റി ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വെങ്ങാട് എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു. ശാഹുല്‍ ഹമീദ് ചേലക്കര, യാഹുട്ടി, അസ്സൈനാര്‍, ഹസ്സന്‍ മങ്കട എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.