അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ‘മസ്ജിദുല്‍ ഗമാമ’ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു

മദീന: വിശുദ്ധ മദീനയിലെ പൗരാണിക ചരിത്ര കേന്ദ്രമായ ‘മസ്ജിദുല്‍ ഗമാമ’ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. മദീന ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പള്ളി സന്ദര്‍ശിക്കുകയും ഈയിടെ നടത്തിയ അറ്റകുറ്റപണികള്‍ ഗവര്‍ണ്ണര്‍ നോക്കിക്കാണുകയും ചെയ്തു. ചരിത്രപരമായ പള്ളികളെയും സ്ഥലങ്ങളെയും പരിപാലിക്കുന്നതിന്റെ പ്രാധാന്യവും, സാമൂഹികവും സാംസ്‌കാരികവുമായ മേഖലയില്‍ പൗരാണിക ചരിത്ര സ്ഥലങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്കും മദീന ഗവര്‍ണര്‍ വ്യക്തമാക്കുകയുണ്ടായി.

പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങള്‍ മഴക്ക് വേണ്ടി നിസ്‌കരിച്ച സ്ഥലത്തു പിന്നീട് ഭരണാധികാരിയായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് പ്രസ്തുത സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി ഹിജ്‌റ വര്‍ഷം 86 ല്‍ പള്ളി പണിതത്. വിശുദ്ധ ഹറം പള്ളിയുടെ 500 മീറ്റര്‍ മാത്രം അടുത്തുള്ള ഈ പള്ളിയില്‍ ആരാധനാകര്‍മ്മങ്ങളൊന്നും നടക്കാറില്ല. ഇപ്പോള്‍ സൗദി മതകാര്യ മന്ത്രാലയവുമായി സഹകരിച്ചു നഗര വികസന അതോറിറ്റി പള്ളിയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയതോടെ ചരിത്രപ്രധാന്യമായ ഈ പള്ളി ആളും അനക്കവുമുള്ള സ്ഥലമായി മാറുകയായിരുന്നു.

‘ഗമാമ’ എന്നാല്‍ മേഘം എന്നാണര്‍ത്ഥം. ഈ സ്ഥലത്തു വെച്ച് പ്രവാചകര്‍ മുഹമ്മദ് നബി(സ) മഴക്ക് വേണ്ടി നിസ്‌കാരം നിര്‍വ്വഹിക്കുമ്പോള്‍ പ്രവാചകന് സൂര്യന്റെ ചൂടില്‍ നിന്നും മേഘം തണലിട്ടു കൊടുത്തതിനാലാണ് ‘മസ്ജിദുല്‍ ഗമാമ’ എന്ന പേരില്‍ ഈ പള്ളി അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) അവസാനമായി പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചതും ഈ സ്ഥലത്തുവെച്ചുതന്നെയായിരുന്നു.

ഹിജ്‌റ വര്‍ഷം 86ല്‍ പള്ളി പണിതതിനുശേഷം ഹിജ്‌റ വര്‍ഷം 761, 861 തുടങ്ങിയ കാലങ്ങളിലും അതിനുശേഷവും മദീനയിലുണ്ടായിരുന്ന ഭരണാധികാരികള്‍ ഈ പള്ളിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു.

പിന്നീട്, അബ്ദുള്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ചരിത്ര പ്രാധാന സ്ഥലങ്ങള്‍ പരിരക്ഷിക്കുന്നതിനും പൗരാണിക നാഗരികതയും സംസ്‌കാരവും നിലനിര്‍ത്തുന്നതിനും ഭരണാധികാരികള്‍ അതീവ ശ്രദ്ധയാണ് നല്‍കാറുള്ളത്. ഇതിന്റെ ഭാഗമായാണ് വിശുദ്ധ മദീനയിലെ നിരവധി പൗരാണിക പള്ളികളും ചരിത്ര പ്രാധാന സ്ഥലങ്ങളും സൗദി മതകാര്യ മന്ത്രാലയവുമായി സഹകരിച്ചു നഗര വികസന അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തി പരിപാലിച്ചുപോരുന്നത്.