18 വയസ്സിന് താഴെയുള്ള വിവാഹത്തെ സൗദി നീതിന്യായ മന്ത്രാലയം വിലക്കി

റിയാദ്: 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍ വിവാഹിതരാവുന്നത് സൗദി നീതിന്യായ മന്ത്രാലയം വിലക്കുകയും വിവാഹിതരാവാനുള്ള പ്രായം 18 വയസ്സാക്കുകയും ചെയ്തു.

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വിവാഹം നിരോധിച്ചതായി അറിയിച്ചുകൊണ്ട് സൗദി നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഡോ. വാലിദ് അല്‍ സമാനി സൗദിയിലെ എല്ലാ കോടതികള്‍ക്കും സര്‍ക്കുലര്‍ നല്‍കി.

ശിശുസംരക്ഷണ നിയമത്തിന് അനുസൃതമായി 18 വയസ്സിനു താഴെയുള്ളവരുടെ വിവാഹവുമായി ബന്ധപ്പെട്ട് അപേക്ഷകളോ പരാതികളൊ ലഭിച്ചാല്‍ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും കേസുകള്‍ പ്രത്യേക കോടതിയിലേക്ക് കൈമാറണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ശിശുസംരക്ഷണ നിയമ ചട്ടത്തിലെ ഖണ്ഡിക 16/3 അനുസരിച്ച് വിവാഹ കരാറുകള്‍ നടത്തുന്നതിന് മുമ്പ് കരാറില്‍ ഏര്‍പ്പെടുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയായതായി ഉറപ്പുവരുത്തണം. 18 വയസ്സിനു താഴെയുള്ളവര്‍ വിവാഹത്തിലേര്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ ശിക്ഷാ നടനടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.