മക്കയില്‍ വീണ്ടും റൈഡ്; നിരവധി നിയമ ലംഘകര്‍ പിടിയിലായി

മക്ക: മക്കയിലെ ജിഅറാന, ബീര്‍ ഗനം, ശരാഈ എന്നീ പ്രദേശങ്ങളില്‍ നടത്തിയ അപ്രതീക്ഷിത സുരക്ഷാ തെരച്ചിലില്‍ താമസ തൊഴില്‍ നിയമ ലംഘകരായ 112 ലധികം വിദേശികളെ പിടികൂടി. മക്ക പോലീസ് വിഭാഗം, ഇതര സുരക്ഷാ വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സുരക്ഷാ തെരച്ചിലില്‍ രേഖകള്‍ ഇല്ലാത്തവരും തൊഴില്‍ താമസ നിയമം ലംഘിച്ചവരുമായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 112 പേരെയാണ് പിടികൂടിയത്.
മക്കാ സിറ്റിയില്‍ നിന്നും കുറച്ചകലെ സ്ഥിതിചെയ്യുന്ന ജിഅറാന, ബീര്‍ ഗനം, ശരാഈ എന്നീ മൂന്ന് പരിസര പ്രദേശങ്ങളില്‍ നിന്നാണ് സുരക്ഷാ വിഭാഗം നിയമ ലംഘകരെ പിടികൂടിയത്. അര്‍ധരാത്രിക്ക് ശേഷമായിരുന്നു സുരക്ഷാ പരിശോധന നടന്നത്.
പിടികൂടിയ നിയമ ലംഘകരെ ശുമൈസിയിലെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അവരുടെ രേഖകള്‍ തിരിച്ചറിയുന്നതിനായി തൊട്ടടുത്തുള്ള പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയുണ്ടായി. സുരക്ഷാ വിഭാഗത്തിന് സഹായമായി നാട്ടുകാരും രംഗത്തുണ്ടായിരുന്നു. നിരവധി നിയമ ലംഘകര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സുരക്ഷാ വിഭാഗത്തിന് കാണിച്ചുകൊടുത്തത് നാട്ടുകാരാണ്.






