സൗദി ഇഷ്യൂചെയ്ത വിസകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സൗദി ബ്യൂറോ
റിയാദ്: ലെവി, നീതാഖാത്ത്, വിദേശികളുടെ കൊഴിഞ്ഞുപോക്ക് എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പറയാറുള്ളതെങ്കിലും സൗദി അറേബ്യ വിദേശ തൊഴിലാളികള്‍ക്കായി വിതരണം ചെയ്ത വിസകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തില്‍ 12 ലക്ഷം വിസകള്‍ അനുവദിച്ചതായി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍ റാജിഹീ വ്യക്തമാക്കി. 2018 വര്‍ഷത്തില്‍ ആറു ലക്ഷം വിസകളായിരുന്നു അനുവദിച്ചിരുന്നതെന്നും അഹ്‌മദ് അല്‍ റാജിഹീ പറഞ്ഞു.
റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വ്യാപാര യുവ കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലാണ് തൊഴില്‍ മന്ത്രി ഇക്കാര്യം വിസ സംബന്ധമായ കാര്യം വെളിപ്പെടുത്തിയത്.
ചടങ്ങില്‍ സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖസബിയും സന്നിദ്ധനായിരുന്നു. നിലവിലെ കമ്പനികളുടെ സംവിധാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ലെന്നും, സ്വകാര്യ മേഖലകളുമായി സഹകരിച്ചു നടപ്പു നിയമങ്ങളും സംവിധാനങ്ങളും പുതിയ സാഹചര്യങ്ങളോട് സംവദിക്കുന്ന രീതിയില്‍ നവീകരിക്കുവാന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിച്ചതായും സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖസബി പറഞ്ഞു.






