മക്കയിലെ ഹറം കവാടങ്ങള്‍ തിരിച്ചറിയാന്‍ പുതിയ രീതിയില്‍ നമ്പറുകള്‍ എഴുതുന്നു.

മക്ക: ഹറം കവാടങ്ങള്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയുവാനായി വിശുദ്ധ ഹറം പള്ളി കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കവാടങ്ങളുടെ നമ്പറുകള്‍ പ്രകാശപൂരിതമായ നിറങ്ങളില്‍ എഴുതുന്ന ജോലി തുടങ്ങി. ഓരോ വാതിലിന്റെയും ഇടത്, വലത് വശങ്ങളില്‍ ഇളം നിറങ്ങളിലാണ് അറബിയിലും ഇംഗ്‌ളീഷിലുമുള്ള അക്കങ്ങള്‍ എഴുതുന്നത്.

പ്രാഥമികമായി കിംഗ് ഫഹദ് കവാടം നമ്പര്‍ 79 ല്‍ ആണ് പുതുതായി ഇളം നിറങ്ങളില്‍ അറബിയിലും ഇംഗ്‌ളീഷിലുമായി അക്കങ്ങള്‍ എഴുതിതുടങ്ങിയത്. പിന്നീട് മറ്റെല്ലാ വാതിലുകളിലും ഇതുപോലെ രേഖപ്പെടുത്തും.

പഴയതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ രീതിയില്‍ നമ്പറിംഗ് നടത്തുന്നത്. പുതിയ രീതി അനുസരിച്ച് അക്കങ്ങള്‍ എഴുതുമ്പോള്‍ വളരെ ദൂരത്തുനിന്നും വ്യക്തമായി നമ്പറുകള്‍ കാണാനാകും.

മക്കയിലെ വിശുദ്ധ പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍, സന്ദര്‍ശകര്‍, ആരാധകര്‍ എന്നിവര്‍ക്ക് കൂടുതല്‍ മെച്ചപ്പട്ട സേവനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹറം പള്ളിയില്‍ ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു.
അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം സന്ദര്‍ശകര്‍ പ്രവാചക നഗരമായ മദീനയും പ്രവാചക പള്ളിയും സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതോടൊപ്പം പ്രവാചക ചര്യ അനുസരിച്ച് ഖുബാ പള്ളി സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

മുഹമ്മദ് നബി (സ) ഒട്ടകത്തിലോ കാല്‍നടയായൊ എല്ലാ ശനിയാഴ്ചയും ഖുബാ പള്ളി സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ പള്ളിയാണ് ഖുബാ പള്ളി. മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകന്‍ ആദ്യമായി നിര്‍മ്മിച്ച പള്ളിയാണ് ഖുബാ പള്ളി. ഇവിടെനിന്നും രണ്ട് റകഅത്ത് (യൂണിറ്റുകള്‍) സുന്നത്ത് നിസ്‌ക്കരിക്കുന്നത് മക്കയില്‍ചെന്ന് ഉംറ നിര്‍വ്വഹിക്കുന്നതിന് തുല്ല്യമായ പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പ്രവാചക പള്ളിയില്‍ നിന്ന് 3.5 കിലോമീറ്റര്‍ അകലെ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹിജ്‌റ റോഡിലാണ് മസ്ജിദുല്‍ ഖുബ സ്ഥിതി ചെയ്യുന്നത്.