പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു: അന്ത്യം കോഴിക്കോട്ട് സിനിമാ ചര്‍ച്ചക്കെത്തിയപ്പോള്‍

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു (79) അന്തരിച്ചു. വയനാട്ടില്‍ ചിത്രീകരണം നടക്കാനിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആദ്യം ബീച്ച് ആശുപത്രിലെത്തിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം നൂറ്റി നാല്‍പ്പതോളം സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെ ‘വിദ്യാര്‍ത്ഥികളേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലാണ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. നിര്‍മാല്യം, രതിനിര്‍വേദം, ഇതാ ഇവിടെ വരെ, ചാമരം, പടയോട്ടം, ഏഴാംകടലിനക്കരെ, സ്വപ്നാടനം, യവനിക, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച സുപ്രധാന ചിത്രങ്ങള്‍.
ജോണ്‍ എബ്രഹാം, കെജി ജോര്‍ജ് എന്നിവര്‍ക്കൊപ്പമാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസം അദ്ദേഹം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ സ്വതന്ത്ര ഛായാഗ്രാഹകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചയാളാണ് രാമചന്ദ്രബാബു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷകളിലുള്ള സിനിമകളും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദ്വീപ്, രതിനിര്‍വേദം, ചാമരം, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.





