പൗരത്വ നിയമ ഭേദഗതി വിമര്‍ശനം: മലേഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

ക്വലാലംപൂരിൽ നടന്ന ഉച്ചകോടിക്ക് ശേഷം പത്രസമ്മേളനത്തിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് സംസാരിച്ചത്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും മഹാതിര്‍ പറഞ്ഞിരുന്നു.

പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണയ്ക്ക് വിരുദ്ധമാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്ന്‌ ഇന്ത്യ അറിയിച്ചു. നയതന്ത്ര മര്യാദയ്ക്കും നയതന്ത്ര ബന്ധത്തിനും വിരുദ്ധമാണിതെന്നും ഇന്ത്യ മലേഷ്യന്‍ സ്ഥാനപതിയെ അറിയിച്ചു.