സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഡിസിസിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി വരികയാണ്. പ്രതിഷേധത്തില്‍ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡുകള്‍ വെച്ച്‌ തടഞ്ഞു. ബാരിക്കേഡ്മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് ചെറിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച്‌ കെപിസിസി പ്രസിഡന്‍റ്മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മോദിസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു. ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് നടപടിയേയും അദ്ദേഹം അപലപിച്ചു.

മലപ്പുറത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന മഹാപ്രക്ഷോഭ മാര്‍ച്ച്‌ കളക്‌ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതോടെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കാള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.