43 ലക്ഷത്തിലധികം നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിന്‍ അവസാനിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയുടെ ഫലമായി 2019 ഡിസംബര്‍ 19 വ്യാഴാഴ്ച വരെ തൊഴില്‍, താമസ, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച 43,69,008 നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017 ഒക്‌ടോബറിലാണ് ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിന്‍ അവസാനിച്ചത്. കാമ്പയിന്‍ അവസാനിച്ചത് മുതല്‍ സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നിയമ ലംഘകരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം ശക്തമായി തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. നിരന്തര പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തുകയും അതിര്‍ത്തികളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 20 മാസങ്ങള്‍ക്കിടയില്‍ 43 ലക്ഷത്തിലധികം നിയമലംഘകരെ കണ്ടെത്താനായതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരുടെ ഇനവും എണ്ണവും അവരുടെ ശിക്ഷയുടെ സ്ഥിതി വിവരകണക്കുകളും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത് താഴെ പറയുംപ്രകാരമാണ്:

താമസ നിയമം ലംഘിച്ചവര്‍ 34,15,882 വിദേശികള്‍, തൊഴില്‍ നിയമ ലംഘകര്‍ 67,0,260 വിദേശികള്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചവര്‍ 2,82,866 പേര്. ഇതില്‍ 79,153 പേര് അതിര്‍ത്തികടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്. നുഴഞ്ഞുകയറിയവരില്‍ 42 ശതമാനം യമനികളും, 55 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റുരാജ്യങ്ങളിനിന്നുള്ളവരുമാണ്. കൂടാതെ 2983 പേരെ രാജ്യത്തിന്റെ പുറത്തേക്ക് കടക്കുന്നതിനിടയില്‍ പിടികൂടുകയുമുണ്ടായി.

നിയമ ലംഘകര്‍ക്ക് അഭയം നല്‍കി സഹായിക്കുകയും അവരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്ത 4737 പേരെയും പിടികൂടുകയുണ്ടായി. അതില്‍ 1770 പേരും സ്വദേശികളാണ്. ഇവരില്‍ 1734 പേരെ നിയമ നടപടികള്‍ സ്വീകരിച്ചതിനു ശേഷം വെറുതെവിട്ടു. ബാക്കിയുള്ള 36 പേര്‍ ശിക്ഷകള്‍ അനുഭവിച്ചുവരുന്നു.
നിലവില്‍ 15,719 വിദേശികള്‍ നിയമലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ സൗദിയില്‍ ശിക്ഷകള്‍ അനുഭവിച്ചിവരുന്നുണ്ട്. അതില്‍ 13,965 പുരുഷന്മാരും 1754 സ്ത്രീകളും ഉള്‍പ്പെടും.

6,04,142 വിദേശികള്‍ക്ക് ഉടനടി ശിക്ഷ നല്‍കി. 5,50,393 നിയമ ലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുവാന്‍ അവരവരുടെ കൗണ്‍സുലേറ്റ് ഓഫീസുകളിലേക്ക് അയച്ചു. 7,34,721 പേരെ യാത്രാ ടിക്കറ്റു ലഭിക്കുവാനായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു. 11,01,275 പേരെ നാടുകടത്തുകയും ചെയ്തതായും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.