അപകടത്തിൽ പരുക്കേറ്റ കശ്മീർ സ്വദേശിയെ നാട്ടിലേക്ക് കൊണ്ടുപോയി

അഫ്ഷിൻ
റിയാദ്: ജോലിക്കിടെ അപകടത്തിൽ പരുക്കേറ്റ് രണ്ടര മാസത്തോളമായി കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കാശ്മീർ സ്വദേശിയെ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കശ്മീർ സ്വദേശി സർഫ്രാസ് ഹുസൈനെയാണ് ഇന്ന് (വെള്ളിയാഴ്ച) എയർ ഇന്ത്യാ വിമാനത്തിൽ ഡെൽഹിയിലേക്ക് കൊണ്ടുപോയത്.
ജോലിക്കിടെ അപകടത്തിൽ നട്ടെല്ലിനും കാലിനും മാരകമായി പരിക്കേറ്റ സർഫ്രാസിനെ സ്പോൺസർ ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങളൊന്നും ഏർപ്പെടുത്തി നൽകിയിരുന്നില്ലത്രെ. ഓപ്പറേഷനടക്കം ഭീമമായ തുക ചികിത്സാ ചെലവിനായി ആവശ്യമുണ്ടായിരുന്നെങ്കിലും പണമില്ലാത്തതിനാൽ ചികിത്സ മാറ്റി വെക്കുകയായിരുന്നു. സ്പോൺസറുടെ അജ്ഞത കാരണം ഗോസിയിൽ അപകടം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് ജോലിക്കിടെ സംഭവിച്ച അപകടത്തിന്റെ സൗജന്യ ചികിത്സയടക്കമുള്ള ഇൻഷുറൻസ് ആനുകൂല്യവും സർഫ്രാസിന് ലഭ്യമായില്ല. രണ്ടര മാസത്തോളമായി സർഫ്രാസിനെ സഹായിക്കാനായി ആശുപത്രിയിൽ നിൽക്കുന്ന അമ്മാവൻ വിവരങ്ങളറിയിച്ചതിനെ തുടർന്നാണ് ഇന്ത്യൻ എംബസിയും റിയാദ് കെ.എം.സി.സി വെൽഫെയർ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും വിഷയത്തിൽ ഇടപ്പെടുന്നത്. ഇത്രയും മാസങ്ങൾ കിടന്നതിന്റെ ആശുപ്രത്രി ബിൽ വലിയ ബാധ്യതയായി വന്ന സ്ഥിതിക്ക് സർഫ്രാസിനെ ഉടൻ തന്നെ നാട്ടിലെത്തിക്കാനായിരുന്നു ബന്ധപ്പെട്ടവരുടെ ശ്രമം. ഇതെ തുടർന്ന് സിദ്ദീഖിന്റെ നേതൃത്വത്തിൽ വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. സ്ട്രെച്ചർ ടിക്കറ്റും കൂടെ യാത്ര ചെയ്യുന്ന വ്യക്തിക്കുള്ള ടിക്കവും ഇന്ത്യൻ എംബസി നൽകി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാൻ വൈകിയത് മൂലം രോഗിയെ വിമാനത്താവളത്തിലെത്തിക്കാൻ വൈകിയത് ഇതിനിടയിൽ തിരിച്ചടിയായെങ്കിലും എയർ ഇന്ത്യാ മാനേജറും ജീവനക്കാരും നൽകിയ സഹകരണം വഴി 38 മിനിട്ട് വൈകിയെത്തിയ വിമാനത്തിൽ തന്നെ രോഗിയെ അയക്കാനായത് വലിയ അനുഗ്രഹമായെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ഡോ.സമീർ പോളിക്ലിനിക്കിന്റെ ആംബുലൻസിൽ രണ്ട് മണിക്കൂർ വൈകിയാണ് സർഫ്രാസിനെയും കൊണ്ട് എയർപ്പോർട്ടിലെത്താനായത്.
നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ സർഫ്രാസിന്റെ മുറിവുകൾ ഭീതിതമായ കാഴ്ചയാണ്. വിമാത്താവളത്തിലേക്കുള്ള യാത്രയിലുടനീളം വേദന മൂലം അദേഹം ഏറെ പ്രയസപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തുന്ന സർഫ്രാസിനെ കാശ്മീരിലെത്തിക്കേണ്ടതുണ്ട്. തലസ്ഥാനമടക്കം രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾക്കിടയിൽ കാശ്മീരിലെത്തുകയെന്നതാണ് ഇനി സർഫ്രാസിന്റെ മുന്നിലുള്ള പ്രധാന പ്രശ്നം.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സയിദ്, ഷറഫ്, സിദ്ദീഖ് തുവ്വൂർ, റിയാദ് കെ.എം.സി.സി പ്രസിഡണ്ട് സി.പി.മുസ്തഫ, രതീഷ് ചെമ്മാട്, എയർ ഇന്ത്യാ ഉദ്യോഗസ്ഥരായ മനോജ്, കരീം, സിറാജ്, മാരിയപ്പൻ, കിംഗ് സൽ മാൻ ആശുപത്രി ജീവനക്കാർ എന്നിവരുടെ ഇടപ്പെടലുകളും സഹായങ്ങൾക്കും നിറക്കണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ടാണ് സർഫ്രാസ് റിയാദിനോട് നാട്ടിലേക്കു യാത്ര പോയത്.






