ഉന്നാവ് കേസ് ; കുൽദീപ് സെൻഗറിന് ജീവപര്യന്തം

ന്യൂഡല്‍ഹി : ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹി പ്രത്യേക കോടതി പത്ത് ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും 15 ലക്ഷം രൂപ കോടതി ചെലവിനുമായി നല്‍കാനാണ് വിധിച്ചത്. വിധി കേട്ട് കുല്‍ദീപ് സെന്‍ഗാര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയതായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗറിനെതിരെയുള്ള കേസ്. 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. ബിജെപി കുല്‍ദീപ് സിംഗ് സെന്‍ഗാറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ 2017 ഓഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎല്‍എയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.






