മംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വയനാട്ടില്‍ കര്‍ണാടക ആര്‍ ടി സി ബസുകള്‍ തടയുന്നു

കണ്ണൂര്‍: ദേശീയ പൗരത്വ ഭേദഗതിക്കെതിരെയുണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. അതേസമയം മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. ഇതേ സമയം കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബസ്സുകള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു.
കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി. ദയാനന്ദ് മംഗളൂരുവില്‍ എത്തി. പോലീസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.
പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ടു പേരും ലക്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.






