റെയിൽവെ സ്വത്തുക്കൾ നശിപ്പിക്കുന്നവരെ നേരിടാൻ നിറത്തോക്കുമായി അർദ്ധസൈനികരിറങ്ങി

തലശ്ശേരി: പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാലുടൻ വെടി വെക്കണമെന്ന് റെയിൽവെ വകുപ്പ് സഹമന്ദ്രി സുരേഷ് അംഗഡി നിർദ്ദേശം നൽകിയതിന് തൊട്ടു പിറകെ റെയിൽവെ സ്വത്തുക്കൾ നശിപ്പിക്കുന്നവരെ നിർദ്ദാക്ഷിണ്യം നേരിടാൻ കേന്ദ്ര സർക്കാർ നിറത്തോക്കുമായി അർദ്ധസൈനികരെ അയച്ചു.

മലബാർ മേഖലയിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിലായി ഇവരെ വിന്യസിച്ചു കഴിഞ്ഞു. കണ്ണൂർ – 10, തലശ്ശേരി- 6, വടകര- 6, കോഴിക്കോട്- 20 എന്നീ അനുപാതത്തിലാണ് റെയിൽവെ സംരക്ഷണത്തിനായി പ്രത്യേക സേനാ ഭടന്മാരെ നിയോഗിച്ചത്. ഇത്തരത്തിൽ കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള ഏതാനും റെയിൽവെ സ്റ്റേഷനുകളിലായി നൂറോളം സൈനികരെത്തിയിട്ടുണ്ട്.

ആർ.പി.എസ്.എഫ് എന്ന പേരിലുള്ള റെയിൽവെ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്സിലെ ഹിന്ദി മേഘലയിൽ ഉള്ളവരാണ് തലശ്ശേരി ഉൾപെടെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ എത്തിയിട്ടുള്ളത്. സെക്കന്ദറാബാദ് ബറ്റാലിയൻ അംഗങ്ങളാണിവർ. കുഴപ്പക്കാരെ നേരിടാൻ വേണ്ടി വന്നാൽ വെടിവെക്കാനും സേനക്ക് അധികാരം നൽകിയതായി സൂചനയുണ്ട്. തുടക്കത്തിൽ ബോധവൽക്കരണം, പിന്നീട് കർശന നടപടി എന്ന രീതിയിലാണ് സംരക്ഷണം.

ഇന്നലെ മുതൽ ഇവർ കൃത്യനിർവ്വഹണം തുടങ്ങി. നിലവിൽ റെയിൽവെയിൽ ഡ്യൂട്ടി ചെയ്യുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ കീഴിലാവും ഇവർ പ്രവർത്തിക്കുക.. തീവണ്ടിക്ക് നേരെ കല്ലേറ് സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥലങ്ങളിൽ ആർ.പി.എസ്.എഫിന്റെ പ്രത്യേക നിരീക്ഷണമുണ്ടാവും. പൗര ത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും അക്രമാസക്തമായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പൊതുമുതൽ സംരക്ഷണം എന്ന കാഴ്ചപ്പാടിൽ റെയിൽവെ സ്വത്തുക്കളുടെ സംരക്ഷണ ചുമതല അർദ്ധസൈനികരെ ഏൽപിച്ചത്.