സൗദിക്ക് പുറത്തേക്ക് പണം കടത്തുന്ന സംഘം പിടിയില്‍

♠ ഗൾഫ് ഡെസ്ക് 

റിയാദ്: സൗദിയിലെ താമസ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിദേശ തൊഴിലാളികളുടെ പണം സൗദിക്ക് പുറത്തേക്ക് കടത്തുന്ന സംഘത്തെ റിയാദില്‍ വെച്ച് സുരക്ഷാ വിഭാഗം പിടികൂടി. വ്യത്യസ്തവും നൂതനവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് സംഘം പണം കടത്തുന്നത്. ലാപ്‌ടോപ്പുകള്‍ വാങ്ങി അതിനുള്ളിലെ സാമഗ്രികളെല്ലാം ഒഴിവാക്കിയതിന് ശേഷം പണം ലാപ്‌ടോപ്പില്‍ നിറച്ചു പുറത്തേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി. അതിനുള്ള പ്രതിഫലം അവര്‍ നിയമ ലംഘകരായ തൊഴിലാളികളോട് വാങ്ങുകയും ചെയ്യും.

രാജ്യത്തിനു പുറത്തേക്ക് പണം കടത്തുന്നതായി സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ലഭ്യമായ വിവരം ശരിയാണെന്ന് ഉറപ്പുവരുത്തുകയും സംഘത്തെ വീഴ്ത്താന്‍ പദ്ധതി തയ്യാറാക്കുകയും സംഘത്തുന്റെ കേന്ദ്രം മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് സുരക്ഷാ വിഭാഗം പതിയിരുന്ന് സംഘത്തിലെ പ്രധാന പ്രതിയെ തന്ത്രപരമായി പിടികൂടി. പ്രതിയുടെ കൈവശം ലാപ്‌ടോപ്പുകളുടെ ഉള്ളിലെ സാധനങ്ങള്‍ ഒഴിവാക്കി അതില്‍ നിറച്ച നിലയില്‍ ഒരു ലക്ഷം റിയാല്‍ കണ്ടെത്തുകയുണ്ടായി. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ ഒരു വിദേശിയോടൊപ്പം അത് പുറത്തെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു പ്രധാന പ്രതി. ഇദ്ദേഹത്തെ പിടികൂടിയതോടെ കൂട്ടുപ്രതികളേയും കണ്ടെത്തുകയും സുരക്ഷാ വിഭാഗം പിടികൂടുകയും ചെയ്തു.